മികച്ച പ്രവർത്തനം പിറവം റിവർ വാലി റോട്ടറിക്ക് അവാർഡ്
പിറവം : കഴിഞ്ഞ 10 വർഷമായി പ്രവർത്തിക്കുന്ന പിറവം റിവർ വാലി റോട്ടറി ക്ലബ്ബിന് കോയമ്പത്തൂർ, തൃശ്ശൂർ, കൊച്ചി ഉൾപ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട് 3201-ൽ മൂന്ന് അവാർഡുകൾ ലഭിച്ചു. ഡിസ്ട്രിക്ട് ഗവർണർ വിഭാവന ചെയ്ത സ്’മൈൽ പ്രോജക്ട്’ സ്തുത്യർഹമായ രീതിയിൽ നടപ്പിലാക്കിയതിനും, പബ്ലിക് ഇമേജ് ഏറ്റവും ശ്രേഷ്ഠമായ തലത്തിലേക്ക് ഉയർത്തിയതിനും ഡിസ്ട്രിക്റ്റിന്റെ പ്രവർത്തനങ്ങളിലുള്ള ശ്രദ്ധേയമായ പങ്കാളിത്തത്തിനുമാണ് അവാർഡുകൾ. ഡിസ്ട്രിക്ട് ഗവർണർ റ്റി.ആർ വിജയകുമാർ, റിവർ വാലി റോട്ടറി പാസ്ററ് പ്രസിഡന്റ് ഫാ.ഡോ . ജോൺ എർണ്യാകുളത്തിൽ, സെക്രട്ടറി പൗലോസ് പുളിക്കയിൽ, ട്രഷറർ ജേക്കബ് തുമ്പയിൽ എന്നിവർക്ക് അവാർഡുകൾ സമ്മാനിച്ചു. ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി എം.ഇ തോമസ്, അവാർഡ് നിർണയ സമിതി ചെയർമാൻ പത്മനാഭൻ തങ്കപ്പൻ, എന്നിവർ സന്നിഹിതരായിരുന്നു. ജെ.എം.പി ഹോസ്പിറ്റലിലെ ഡയാലിസ് യൂണിറ്റ് , താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ സംവിധാനം, വിവിധ സ്കൂളുകളിൽ ലാബ് , പഠനോപകരണങ്ങൾ തുടങ്ങിയവ സജ്ജീകരിക്കൽ , അമ്മമാരോടൊപ്പം പരിപാടികൾ, പ്രശസ്തരായ ആളുകളെ പങ്കെടുപ്പിച്ചുള്ള സംവാദങ്ങൾ, ഇല്ലീയുടെ വ്യാപകമായ വെച്ചുപിടിപ്പിക്കൽ , കൃഷിക്കാരെ സഹായിക്കൽ, നിർധന രോഗികൾക്കുള്ള സഹായങ്ങൾ, 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സൗജന്യഹൃദയ ശസ്ത്രക്രിയ എന്നിവ ശ്രദ്ധേയമായിരുന്നു.
