ഓണക്കൂർ – മാമല റോഡ് അടിയന്തരമായി ടാറിംഗ് പൂർത്തിയാക്കണം
പിറവം : നിത്യേന നൂറുകണക്കിന് വാഹനങ്ങളും ,യാത്രക്കാരും ആശ്രയിക്കുന്ന പ്രധാന പാതയായ ഓണക്കൂർ – മാമല റോഡിന്റെ മണീട് വില്ലേജ് ഓഫീസിന് മുൻവശത്തുള്ള ഭാഗം പൂർണ്ണമായും തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലായതിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിറവം എൽ.എ.സി പ്രസിഡന്റ് ബേബി തെക്കേടം അധികാരികൾക്ക് നിവേദനം നൽകി.
ഏകദേശം രണ്ട് മാസം മുൻപ് വരെ ചെറിയ കുഴികൾ മാത്രമുണ്ടായിരുന്ന ഈ റോഡിന്റെ ഉപരിതലം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി ഇളക്കിമാറ്റിയിരുന്നു. എന്നാൽ, അതിനുശേഷം ടാറിംഗ് ജോലികൾ യഥാസമയം ആരംഭിക്കുകയോ പൂർത്തിയാക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിൽ റോഡിലെ ടാർ പൂർണ്ണമായും ഇളകി വലിയ മെറ്റൽ കഷണങ്ങളും മണ്ണും റോഡിലാകെ ചിതറിക്കിടക്കുകയാണ്. ഇത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഉൾപ്പെടെ വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. കാലവർഷം കനത്തതോടെ റോഡിലെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കിടക്കുകയാണെന്നും, ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് . പൊതുജനങ്ങളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ ഭാഗത്തുനിന്ന് എത്രയും വേഗം അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം .
ചിത്രം : ടാറിംഗ് പൂർത്തിയാക്കാതെ കിടക്കുന്ന ഓണക്കൂർ മാമല റോഡ്
