കെ.എസ്.എസ്.പി.എ ഏകദിന ശില്പശാല നടത്തി; പെൻഷൻകാരുടെ സുവർണ്ണകാലം വരുന്നുവെന്ന് ടി. വിനയദാസ്
പിറവം: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേഷൻ (കെ.എസ്.എസ്.പി.എ) പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. പിറവം പരുമല മാർ ഗിഗോറിയോസ്സ് കാതോലിക്കേറ്റ് സെൻ്റർ ഓഡിട്ടോറിയത്തിൽ നടന്ന ശില്പശാല, സംഘടനയുടെ മുഖപത്രത്തിന്റെ മാനേജിംഗ് എഡിറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ ടി. വിനയദാസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് വി.ജെ. ജോസഫ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സർവീസ് പെൻഷൻകാരുടെ സുവർണ്ണ കാലത്തിന്റെ നാമ്പ് മുളച്ചുതുടങ്ങിയതായി ഉദ്ഘാടന പ്രസംഗത്തിൽ ടി. വിനയദാസ് അഭിപ്രായപ്പെട്ടു. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ ഇന്ദിരാ ഗ്യാരണ്ടി നടപ്പാക്കിത്തുടങ്ങി വിസ്മയത്തിന് തുടക്കമിട്ട സമ്പ്രദായം സംസ്ഥാനത്തെ സമസ്ത മുരടിപ്പിനും പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശില്പശാലയുടെ ആവശ്യകതയും ലക്ഷ്യങ്ങളും, സംഘടനാ പ്രവർത്തനത്തിൽ വനിതാ അംഗങ്ങളുടെ പങ്ക്, മണ്ഡലം-നിയോജക മണ്ഡലങ്ങളുടെ പ്രവർത്തനങ്ങൾ, കമ്മറ്റിയുടെ സാമ്പത്തിക കെട്ടുറപ്പ്, മെഡിസെപ്പ് – പെൻഷൻ പരിഷ്കരണ കമ്മീഷൻ എന്നിവയുടെ ന്യൂനതകളും പരിഹാരങ്ങളും തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ശില്പശാലയിൽ വിശദമായ പഠനവും ചർച്ചയും നടന്നു.
വിവിധ വിഷയങ്ങളിൽ സംസ്ഥാന ട്രഷറർ കെ.വി. മുരളി, സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് പി. എബ്രാഹം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ തോമസ് മല്ലിപ്പുറം, പ്രൊഫ. കെ. ചന്ദ്രശേഖര പിള്ള, ജില്ലാ പ്രസിഡൻ്റ് സി.എ. അലി കുഞ്ഞ്, ജില്ലാ സെക്രട്ടറി പി.ഡി. ജോയി, ജില്ലാ ട്രഷറർ വി.എ. അപ്സലൻ, വനിതാ ഫോറം സംസ്ഥാന സെക്രട്ടറി ആലീസ് ജോർജ്, ജില്ലാ പ്രസിഡൻ്റ് ജീവൻശ്രീ പി. പിള്ള എന്നിവർ ക്ലാസ്സുകൾ നയിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് വി.എ. ചിന്നമ്മ, ജില്ലാ ജോയിൻ്റ് സെക്രട്ടറി ബേബി തോമസ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ റ്റി.ജി. കുട്ടപ്പൻ, എം.എൻ. രാമകൃഷ്ണ പണിക്കർ, സാബു വർഗ്ഗീസ്സ്, എം.വി. വർഗ്ഗീസ്സ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബാബു ജോർജ്, നിയോജക മണ്ഡലം വനിതാ ഫോറം പ്രസിഡൻ്റ് ലൗലി ജോസഫ്, സെക്രട്ടറി കെ.എ. നാദിറ, ജില്ലാ കമ്മറ്റി അംഗം എം.സി. തങ്കച്ചൻ, തോമസ് രാജൻ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
നിയോജക മണ്ഡലത്തിലെ 12 മണ്ഡലം കമ്മറ്റി ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ നിയോജക മണ്ഡലം സെക്രട്ടറി കുര്യാക്കോസ് റ്റി. ഐസക് സ്വാഗതവും ട്രഷറർ പി.റ്റി. ബാബു നന്ദിയും പറഞ്ഞു. ദേശീയ ഗാനത്തോടെ ശില്പശാല സമാപിച്ചു.
ചിത്രം
കെ.എസ്.എസ്.പി.എ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ടി. വിനയദാസ് ഉദ്ഘാടനം ചെയ്യുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് വി.ജെ. ജോസഫ്, സെക്രട്ടറി കുര്യാക്കോസ് റ്റി. ഐസക്, ട്രഷറർ പി.റ്റി. ബാബു തുടങ്ങിയവർ സമീപം
