നിലം പൊത്താറായ അവസ്ഥയിൽ മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം.
പിറവം : ഏതു നിമിഷവും നിലം പൊത്താറായ അവസ്ഥയിൽ മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം. ഓടിട്ട കെട്ടിടത്തിൻ്റെ മേൽക്കൂര വീഴാതിരിക്കാൻ രണ്ട് ഇരുമ്പ് തൂണുകൾ താങ്ങായി നിർത്തിയിരിക്കുകയാണ്. പലകൾ ദ്രവിച്ച്, ഓടുകൾ പൊട്ടി
ചോർന്നൊലിക്കുന്ന ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാൻ ആളുകൾക്ക് ഭയമാണ്. വയോധികർ, കൈ കുഞ്ഞുങ്ങളുമായി എത്തുന്നവർ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ ഓഫീസ് സമുച്ചയത്തിലേക്ക് കയറാൻ മടിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് കനത്ത മഴയിൽ രജീസ്ട്രാർ ഓഫീസിനടുത്തുള്ള വില്ലേജ് ഓഫീസ് കെട്ടിടം തകർന്നിരുന്നു. ഓഫീസ് മാറ്റിസ്ഥാപിച്ചതിനാൽ ആളപായം ഉണ്ടായില്ല.ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകളെ ഒരു കുടക്കീഴിലാക്കാൻ റവന്യു ടവർ നിർമിക്കണമെന്ന ആവശ്യത്തെ തുടർന്നു 2023 ൽ ആണ് കിഫ്‌ബി സഹായത്തോടെ നിർമാണം
നടത്താൻ22.6 കോടിയുടെ ഭരണാനുമതി ലഭിച്ചത്.61 സെൻ്റ് സ്‌ഥലത്ത് 3686 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള 5 നിലയിൽ ബഹുനില കെട്ടിടം നിർമിക്കാനായിരുന്നു പദ്ധതി.വിവിധ സർക്കാർ ഓഫിസുകൾക്ക് പുറമേ വിഡിയോ കോൺഫറൻസ് റൂം, പാർക്കിങ്, ജനറൽ കോൺഫറൻസ് ഹാൾ എന്നിവയെല്ലാം ഉൾപ്പെടുത്തി വിപുലമായ പ്ലാനും തയാറാക്കി. സംസ്‌ഥാന ഭവന നിർമാണ ബോർഡിനായിരുന്നു നിർമാണ ചുമതല
.കിഫ്ബിയിൽ നിന്നു തുക അനുവദിക്കാത്തതു കാരണം പദ്ധതി അനിശ്ചിതത്തിലായി. പദ്ധതിയുടെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചു നീക്കണം .എന്നാൽ സബ് രജിസ്ട്രാർ ഓഫിസ് കുടി മാറ്റിയാലേ കെട്ടിടം പൊളിക്കാനാകു. മിനി സിവിൽ സ്‌റ്റേഷനിൽ സ്‌ഥലം അനുവദിച്ചിട്ടുണ്ടെങ്കിലും ഓഫിസിന് ആവശ്യമായ സൗകര്യം ഒരുക്കാൻ 6 ലക്ഷം രൂപയെങ്കിലും വേണ്ടി വരും എന്നതിനാൽ നിലം പൊത്താറായ കെട്ടിടത്തിൽ തന്നെയാണ് സബ് രജിട്രാർ ഓഫീസിന്റെ പ്രവർത്തനം
നടക്കുന്നത്.
ചിത്രം : നിലം പൊത്താറായ അവസ്ഥയിൽ മുളന്തുരുത്തി സബ് രജിസ്ട്രാർ ഓഫീസ് കെട്ടിടം
