മുളന്തുരുത്തിയിൽ വീണ്ടും ലഹരിവേട്ട; എംഡിഎംഎയും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു, യുവാവ് അറസ്റ്റിൽ
പിറവം : കൊച്ചിൻ റൂറൽ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി മുളന്തുരുത്തിയിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവയുമായി യുവാവ് അറസ്റ്റിലായി. കാരിക്കോട് കൊച്ചുമലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പുലരികുഴിയിൽ വീട്ടിൽ സ്മിജിത്ത് സിജു (22) ആണ് പിടിയിലായത്.രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെ വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ 2.45 ഗ്രാം എംഡിഎംഎ, 5.44 ഗ്രാം ഹാഷിഷ് ഓയിൽ, 5.16 ഗ്രാം കഞ്ചാവ് എന്നിവ പോലീസ് പിടിച്ചെടുത്തു.മുളന്തുരുത്തി ഇൻസ്പെക്ടർ സംഗീത്, എസ്.ഐമാരായ പ്രിൻസി, പ്രവീൺ കുമാർ, ജേക്കബ്, എ.എസ്.ഐമാരായ ജയകുമാർ, ജയശങ്കർ, സീനിയർ സി.പി.ഒ. സുധീഷ്, സി.പി.ഒമാരായ ജിൻസ്, സലീഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ മുളന്തുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 20 കിലോഗ്രാമോളം കഞ്ചാവ് പിടികൂടിയതായി പോലീസ് അറിയിച്ചു. ലഹരി മാഫിയക്കെതിരായ പരിശോധനകൾ തുടരുമെന്നും അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചെന്നും പോലീസ് അറിയിച്ചു.
ചിത്രം : സ്മിജിത്ത്
സിജു
