കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സഭാ ദൗത്യം നിര്‍വഹിക്കുവാന്‍ പുതിയ മെത്രാപ്പോലീത്തയ്ക്ക് കഴിയും: ശ്രേഷ്ഠ ബാവ
പുത്തന്‍കുരിശ് : മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനം- മൂവാറ്റുപുഴ മേഖലയുടെ പുതിയ മെത്രാപ്പോലീത്തയായി വാഴിച്ച മോര്‍ ഗ്രിഗോറിയോസ് ഗബ്രിയേല്‍ മെത്രാപ്പോലീത്ത കാലത്തിന്റെ വെല്ലുവിളികളെ തിരിച്ചറിഞ്ഞ് സഭയുടെ ദൗത്യം നിറവേറ്റുവാന്‍ കഴിയുമെന്നും, സാമൂഹ്യ-സാംസ്‌കാരിക-കാരുണ്യ മേഖലയില്‍ വിപ്ലവാത്മകമായ മുന്നേറ്റം കുറിക്കുമെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂന്‍ മോര്‍ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
നവാഭിഷിക്തനായ മെത്രാപ്പോലീത്തായെ അനുമോദിച്ചു കൊണ്ട് നടന്ന സമ്മേളനത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ബാവ. സീറോ മലബാര്‍ സഭ കോതമംഗലം രൂപതാ ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.
സഭയ്ക്കുവേണ്ടി നവാഭിക്ഷിക്തനായ മെത്രാപ്പോലീത്തായ്ക്ക് സഭാ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, സഭാ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ ചേര്‍ന്ന് ബൊക്കയും, പൂമാലയും നല്‍കി ആദരിച്ചു.
സുറിയാനി ഓര്‍ത്തഡോക്‌സ് സഭയിലെ സ്വിറ്റ്‌സര്‍ലന്‍ഡ്-ഓസ്ട്രിയ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ദിവന്നാസിയോസ് ഇസ ഗുര്‍ബൂസ് മെത്രാപ്പോലീത്ത, മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപതാ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യോസ് മെത്രാപ്പോലീത്ത, വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാന്‍ ഡോ. മാര്‍ ആന്റണി വാലുങ്കല്‍, ഓസ്‌ട്രേലിയയിലെ വിക്ടോറിയന്‍ പാര്‍ലമെന്റ് ചീഫ് വിപ്പ് ലീ ടാര്‍ലാമിസ്, മാര്‍ത്തോമ്മ സുറിയാനി സഭ വികാരി ജനറല്‍ റവ. ഡോ. സി.എ. വര്‍ഗീസ്, വടവാതൂര്‍ പൗരോഹിത്യ വിദ്യാപീഠം റവ. ഡോ. പോളി, പുത്തന്‍കുരിശ് പഞ്ചായത്ത് പ്രസിഡന്റ് റെജി തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്രമീകരണങ്ങള്‍ക്ക് അഭി. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്ത, റവ. ഫാ. മാത്യൂസ് ചാലപ്പുറം, റവ. ഫാ. ജോബി ജോണ്‍, റവ. ഫാ. ബെസ്സി ജോണ്‍, റവ ഫാ. അജീഷ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.
