മിഷേൽ ഷാജിയുടെ ദുരൂഹ മരണം സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും മുഖ്യമന്ത്രിക്ക് നിവേദനം നൽകി
പിറവം : കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ട സി എ വിദ്യാർത്ഥിനി പിറവം എണ്ണയ്ക്കാപ്പിള്ളിൽ മിഷേൽ ഷാജിയുടെ മരണത്തിൻ്റെ ദുരൂഹത നീക്കാൻ സർക്കാർ സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ഉറപ്പുനൽകിയതായി മിഷേലിൻ്റെ മാതാപിതാക്കളായ ഷാജി വർഗീസ്, ഷൈലമ്മ ഷാജി എന്നിവർ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും യാതൊരു പുരോഗതിയും ഉണ്ടാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയെ ഇവർ നേരിൽ കണ്ട് തങ്ങളുടെ ആകുലതകൾ പങ്ക് വെച്ചത്. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബിൻ്റെ നേതൃത്വത്തിലായിരുന്നു മിഷേലിൻ്റെ മാതാപിതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയും മിഷേലിൻ്റെ മാതാപിതാക്കളുമായി സംസാരിച്ചു. കേസുമായി ബന്ധപ്പെട്ട് തങ്ങളുടെ ആവശ്യങ്ങളും, ആശങ്കകളും സംശയങ്ങളും ഉന്നയിക്കുന്ന രേഖകളും ചിത്രങ്ങളും മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കൈമാറി. 9 വർഷമായി അന്വേഷണം നടക്കുന്ന കേസിൻ്റെ നിലവിലെ അവസ്ഥ പഠിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചതായി
ഷാജി വർഗീസ് പറഞ്ഞു.പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായി കൂടി ആലോചിച്ച് ഉചിതമായ നടപടി കൈകൊള്ളുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞതായും മിഷേലിൻ്റെ മാതാപിതാക്കൾ പറഞ്ഞു.പിറവം നഗര സഭ മുനിസിപ്പൽ ചെയർമാൻ കെ. ആർ.പ്രദീപ് കുമാർ, കോൺഗ്രസ് പിറവം ബ്ലോക്ക് വൈസ് പ്രസിഡൻ്റ് തോമസ് മല്ലിപ്പുറം, മുളക്കുളം കർമ്മേൽക്കുന്ന് സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജോസ് തോമസ്,കർമ്മ സമിതി അംഗം വി.ചന്ദ്രാചാര്യ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.2017 മാർച്ച് 5 ന് വൈകുന്നേരം കലൂർ പള്ളിയിൽ പ്രാർത്ഥിച്ച് പുറത്തേക്ക് ഇറങ്ങിയ ശേഷം കാണാതായ മിഷേലിൻ്റെ മൃതദേഹം പിറ്റേന്ന് കൊച്ചി കായലിൽ കണ്ടെത്തുക ആയിരുന്നു. അന്വേഷണത്തിൽ ലോക്കൽ പോലീസ് വീഴ്ച വരുത്തിയതു മൂലം അന്ന് എം എൽ എ ആയരുന്ന അനൂപ് ജേക്കബ്ബ് നിയമ സഭയിൽ ആവശ്യപ്പെട്ട പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണംഏറ്റെടുത്തു എങ്കിലും യാതൊരു പുരോഗതിയും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് മാതാപിതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചത്.
ചിത്രം : മുഖ്യ മന്ത്രി വി ഡി സതീശന് മിഷേലിൻ്റെ പിതാവ്
ഷാജി വർഗീസ് മകളുടെ മരണത്തെ സംബന്ധിച്ചുള്ള രേഖകൾ കൈമാറുന്നു. മന്ത്രി അനു ജേക്കബ് സമീപം.
