Back To Top

June 12, 2026

സഞ്ചാരികളുടെ തിരക്കേറി പാമ്പാക്കുട അരീക്കൽ വെളളച്ചാട്ടം

 

പിറവം : കാലവർഷം ശക്തമായതോടെ കൂടുതല്‍ വന്യതയും സൗന്ദര്യവും കൈവരിച്ച അരീക്കല്‍ വെള്ളച്ചാട്ടം കാണാന്‍ സഞ്ചാരികളുടെ തിരക്കേറി. അപകട സാധ്യത ഇല്ലാതെ വെള്ളച്ചാട്ടത്തെ അടുത്തറിയാൻ കഴിയുന്നതിനാൽ സ്ത്രികളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്. മേഖലയിലെ ഏറ്റവും വലിയ കുന്നായ മണ്ഡലം മലയില്‍ നിന്നും സമീപപ്രദേശങ്ങളിലെ ചെറു തോടുകളില്‍ നിന്നും ഊറിയെത്തുന്ന വെള്ളമാണ് നൂറടിയോളം ഉയരത്തില്‍ നിന്നും പാറക്കെട്ടിനു മുകളിലൂടെ കുത്തനെ താഴേക്കു പതിക്കുന്നത്. റോഡിൽ നിന്നും എഴുപതോളം പടികൾ ഇറങ്ങിയാൽ വെള്ളം ചാടി വരുന്ന ഭാഗത്തെത്താം. പാറക്കൂട്ടങ്ങളിൽ തട്ടിച്ചിതറുന്ന വെള്ളത്തുള്ളികളും ജലകണങ്ങളുമേറ്റ് താഴെ ചെക്ക്ഡാമിൽ കുളിക്കാനും സൗകര്യമുണ്ട്. വസ്ത്രം മാറാനും, പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സുരക്ഷയ്ക്കും, സംരക്ഷണത്തിനായി പഞ്ചായത്ത് ഭരണസമിതി ഗാർഡിനെയും നിയമിച്ചിട്ടുണ്ട്. മഴക്കാലം തുടങ്ങിയ ജൂൺ മുതൽ സ്വദേശികളും മറുനാട്ടുകാരുമായ സഞ്ചാരികൾ ഇവിടേയ്ക്ക് എത്തുന്നുണ്ട്. എറണാകുളം കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളി കുരിശിൽ നിന്നും മൂന്നു കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മൂവാറ്റുപുഴ ഭാഗത്തു നിന്നുളളവർക്ക് പാമ്പാക്കുട പാപ്പുക്കവലയിൽ നിന്നും മണ്ണത്തൂർ റോഡിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചും ഇവിടെയെത്താം.

 

ചിത്രം : അരീക്കല്‍ വെള്ളച്ചാട്ടം

 

Prev Post

അപകടകരമായ മരങ്ങൾ വെട്ടി മാറ്റണം             …

Next Post

വിജയത്തിളക്കത്തിൽ പുത്തൻകുരിശിന്റെ മിടുക്കികൾ; അനിത ഗീവർഗീസിനും മരിയാ ജിഫിക്കും അനുമോദനം.

post-bars