എം.സി. റോഡില്‍ ബാപ്പുജി സ്കൂളിന് സമീപം ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.
കൂത്താട്ടുകുളം : എം.സി. റോഡില്‍ ബാപ്പുജി സ്കൂളിന് സമീപം ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.മല്ലപ്പള്ളി പുത്തൻവീട്ടില്‍ ബിലു പി. ജോണ്‍ (25) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7.15നായിരുന്നു അപകടം.
കൂത്താട്ടുകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുമ്പ് കമ്പി കയറ്റി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചത്. എതിർ ദിശയില്‍ നിന്ന് എത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ച ശേഷം ലോറി സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി തൊട്ടടുത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ലോറിഡ്രൈവർ തമിഴ്നാട് സ്വദേശി മുസിരുവട്ടം തിരിച്ചിമാവെട്ടം കാർത്തിക്കി(32)നും പരിക്കേറ്റു.
അതിവേഗത്തില്‍ എത്തിയ ലോറി ബൈക്കില്‍ ഇടിച്ച ശേഷം വീട്ടുമുറ്റത്തെ തെങ്ങ് ഉള്പ്പെടെവയുള്ള മരങ്ങള്‍ പിഴുതാണ് മുന്നോട്ടുപാഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ വ്യാപാരസ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
പരിക്കേറ്റ ഡ്രൈവറെ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒപ്പം ഉണ്ടായിരുന്ന ക്ലീനർ പരിക്കില്ലാതെ രക്ഷപ്പെട്ടു. കൂത്താട്ടുകുളം ഫയർഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനങ്ങള്‍ നടന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമായി പറയപ്പെടുന്നത്.
ബിലുവിന്റെ മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിനു ശേഷം മല്ലപ്പള്ളി ജിഎംഎം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന് മല്ലപ്പള്ളി സെന്റ് ഫ്രാൻസീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയില്‍ നടക്കും.
