ഡോക്ടർമാർ കൃത്യസമയത്ത് ചികിത്സ നല്‍കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുത്തോലപുരം ചിറ്റേടത്ത് പ്രകാശന്റെ പശുവും കിടാവും പ്രസവത്തിനിടെ ചത്തതായി പരാതി.
കൂത്താട്ടുകുളം : ഡോക്ടർമാർ കൃത്യസമയത്ത് ചികിത്സ നല്‍കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മുത്തോലപുരം ചിറ്റേടത്ത് പ്രകാശന്റെ പശുവും കിടാവും പ്രസവത്തിനിടെ ചത്തതായി പരാതി.പ്രസവസമയത്ത് ഡോക്ടർമാർ അടിയന്തര ചികിത്സ നല്‍കിയില്ലെന്നും രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും കാട്ടി പ്രകാശൻ മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്കും ജില്ലാ അധികൃതർക്കും പരാതി നല്‍കി.
കഴിഞ്ഞ 40 വർഷമായി കർഷകനായ പ്രകാശൻ, വാഹനാപകടത്തില്‍ വലതുകാലിന് ഗുരുതരമായി പരിക്കേറ്റ നിലയിലാണ്. മുത്തോലപുരത്ത് പ്രതിമാസം 20,000 രൂപ വാടക നല്‍കിയാണ് കഴിഞ്ഞ 10 വർഷമായി ഇദ്ദേഹം ഫാം നടത്തുന്നത്. മൃഗങ്ങളോടുള്ള ഡോക്ടർമാരുടെ ക്രൂരതയാണിതെന്ന് ക്ഷീരകർഷക സംഘടന ഭാരവാഹികള്‍ ആരോപിച്ചു. എന്നാല്‍, ശസ്ത്രക്രിയയിലൂടെ പശുക്കിടാവിനെ പുറത്തെടുക്കാൻ കഴിയാത്തവിധം പശു അമിത ക്ഷീണത്തിലായിരുന്നുവെന്നാണ് രാത്രിയില്‍ പരിശോധനയ്ക്കെത്തിയ ഡോക്ടറുടെ വിശദീകരണം.
പശുക്കള്‍ ചത്തത് ക്ഷീരകർഷകരെ സംബന്ധിച്ച് വലിയ ആശങ്കയാണെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. സർക്കാർ ഉറപ്പുനല്‍കുന്ന സേവനം കർഷകർക്ക് ലഭിക്കാത്തത് പ്രതിഷേധാർഹമാണ്. സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കുമെന്നും അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.ഷിബു പറഞ്ഞു.
