നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും സിംപോസിയം സംഘടിപ്പിച്ചു.
പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച എ .ഐ- ഇന്ത്യ പ്രീസമിറ്റ് സിംപോസിയത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
ടാറ്റാ കൺസൽറ്റൻസി സർവീസിലെ എന്റർപ്രൈസ് ആർക്കി ടെക്ക്റ്റ് ആയ എം.എ. രാജീവ് സിംപോസിയം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾ നിർമിതബുദ്ധിയെ ഏറെ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചിന്മയ വിശ്വവിദ്യാപീഠ കൽപിത സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. മനോജ് അറോറ ചടങ്ങിൽ അധ്യക്ഷനായി. നിർമ്മിതബുദ്ധി മനുഷ്യ ജീവിതത്തിന്റെ സമസ്ഥമേഖലകളിലും വലിയ സ്വാധിനം ചെലുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സർവകലാശാല രജിസ്ട്രാർ ഡോ. പി.രാജേന്ദ്രൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്സ് ഡോ.സുനിത ഗ്രാന്ധി, പ്രൊഫ. സവിതേഷ് മധുലിക ശർമ്മ, പ്രിൻസിപ്പൽ ആനന്ദ് ഹരീന്ദ്രൻ, അസിസ്റ്റന്റ് ഡീൻ അനുപമ ജിംസ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് നടന്ന നിർമ്മിതബുദ്ധിയുടെ സാധ്യതകളെ സംബന്ധിച്ചുള്ള പാനൽ ചർച്ചയിൽ ഇവൈയിൽ നിന്നുള്ള ശ്രീജിത്ത് മാധവൻകുട്ടി, ജനീഷ് ജോസ്, ടിസിഎസിലെ രാജീവ് ശ്രീനിവാസ്, സെഡായിൽ നിന്നുള്ള ദിജീജ് പടിഞ്ഞാറേതിൽ തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിച്ചു.
ചിത്രം- ചിന്മയ വിശ്വവിദ്യാപീഠം നടത്തിയ സിംപോസിയത്തിന്റെ ഉദ്ഘാടനം ടാറ്റാ കൺസൽറ്റൻസി സർവീസിലെ എന്റർപ്രൈസ് ആർക്കി ടെക്ക്റ്റ് ആയ എം.എ. രാജീവ് നിർവഹിക്കുന്നു.
