രാജ്യാന്തര പുരസ്ക്കാര തിളക്കത്തിൽ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല
പിറവം : ഗ്രാമവികസന രംഗത്തെ നൂതന ആശയങ്ങൾക്കും, സാമൂഹിക പ്രതിബദ്ധതയുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കും രാജ്യാന്തര തലത്തിൽ ബഹുമതി നേടി ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല. ഏഷ്യ- പസഫിക് മേഖലയിലെ ഗ്രാമങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി ബംഗ്ലാദേശിലെ ധാക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഓൺ ഇന്റഗ്രേറ്റഡ് റൂറൽ ഡെവലപ്‌മെന്റ് ഫോർ ഏഷ്യ ആൻഡ് ദി പസഫിക്ക് സംഘടിപ്പിച്ച- സി.ഐ.ആർ.ഡി.എ.പി- റീഡ്സ് ഇന്റർനാഷണൽ റൂറൽ ഡവലപ്മെന്റ് ഇന്നോവേഷൻ ചാലഞ്ച് -2026 സർവകലാശാലയുടെ രണ്ട് നവീന സംരംഭങ്ങൾ പുരസ്‌കാരങ്ങൾ സ്വന്തമാക്കി.ഏഷ്യ-പസഫിക് മേഖലയിലെ 13 രാജ്യങ്ങളിൽ നിന്നായി 187 ആശയങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മാറ്റുരച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട അന്താരാഷ്ട്ര ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല അസ്സോസിയേറ്റ് പ്രൊഫസറും, അസിസ്റ്റന്റ് ഡീനുമായ ഡോ.ബിന്ദു എം.പിയുടെ നേതൃത്വത്തിൽ ഗ്രാമങ്ങളുടെ വികസനം ലക്ഷ്യമിട്ട് ആവിഷ്ക്കരിച്ച ചിന്മയ- റൂറൽ ആക്ഷൻ നെറ്റ്‌വർക്ക് എന്ന ആശയം നാഷണൽ അവാർഡീസ് വിഭാഗത്തിൽ ഏഷ്യ-പസഫിക് മേഖലയിലെ പത്ത് ദേശീയ ജേതാക്കളിൽ രണ്ടാം സ്ഥാനംനേടി. ഗ്രാമീണ സമൂഹങ്ങളുടെ ശാക്തീകരണവും സുസ്ഥിര പ്രാദേശിക വികസനവും ലക്ഷ്യമിടുന്നതാണ് പദ്ധതി. ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ബിടെക്ക് കംപ്യൂട്ടർ സയൻസ് അഞ്ചാം സെമസ്റ്റർ വിദ്യാർഥി ചരണ്‍ ഭോഗവല്ലിയുടെ ഗ്രാമിഗോ – സ്മാർട്ട് റൂറൽ ഡെലിവറി ആൻഡ് ലോക്കൽ കൊമേഴ്‌സ് നെറ്റ്‌വർക്ക് എന്ന നൂതന ആശയം റീജിയണൽ അവാർഡീസ് വിഭാഗത്തിൽ ഏഷ്യ-പസഫിക് മേഖലയിലെ അഞ്ച് പ്രാദേശിക ജേതാക്കളിൽ മൂന്നാം സ്ഥാനത്തിന് അർഹമായി. ഗ്രാമീണ ഉൽപ്പന്നങ്ങളുടെ വിപണനവും വിതരണ ശൃംഖലയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമാക്കുകയും പ്രാദേശിക വ്യാപാരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ ആശയത്തിന് 500 യു.എസ്. ഡോളർ ലഭിക്കും.വിജയികളായ ഇരുവരും ഈ നവംബറിൽ കൊളംബോയിൽ നടക്കുന്ന ഗ്രാമ വികസനത്തിന്റെ നൂതനആശയങ്ങൾ ചർച്ച ചെയ്യുന്ന രാജ്യാന്തര സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിൽ ഏഷ്യ-പസഫിക് മേഖലയിലെ കാർഷിക-ഗ്രാമവികസന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, നയരൂപീകരണ വിദഗ്ധർ, ഗവേഷകർ, നിക്ഷേപകർ എന്നിവർക്ക് മുന്നിൽ തങ്ങളുടെ നവീന ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരവും ലഭിക്കും.
ചിത്രങ്ങൾ : ഡോ.ബിന്ദു എം.പി, അസ്സോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് ഡീൻ
ചരണ്‍ ഭോഗവല്ലി (ബിടെക്ക് കംപ്യൂട്ടർ സയൻസ് അഞ്ചാം സെമസ്റ്റർ വിദ്യാർഥി)
( ജില്ലാ പേജ് )
