Back To Top

December 23, 2025

വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച്‌ തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ.

എറണാകുളം : വാഹനാപകടത്തെ തുടർന്ന് മരണത്തോട് മല്ലടിച്ച യുവാവിന് റോഡില്‍വെച്ച്‌ തന്നെ ശസ്ത്രക്രിയ നടത്തി രക്ഷകരായി മൂന്ന് ഡോക്ടർമാർ.

എറണാകുളം ഇന്ദിര ഗാന്ധി ഹോസ്പിറ്റലിലെ ഡോ. തോമസ് പീറ്റർ, ഡോ. ദിദിയ, കോട്ടയം മെഡിക്കല്‍ കോളേജിലെ കാർഡിയോവാസ്‌കുലർ-തൊറാസിക് സർജൻ ഡോ. മനൂപ് എന്നിവർ ചേർന്നാണ് അസാധാരണ സാഹചര്യത്തില്‍ അടിയന്തര ചികിത്സ നല്‍കിയത്. സർജിക്കല്‍ ഉപകരണങ്ങള്‍ ഒന്നുമില്ലാതിരുന്നിട്ടും അപകടത്തില്‍പെട്ട യുവാവിന്റെ ജീവൻ രക്ഷിക്കാനായി റേസർ ബ്ലേഡും ജ്യൂസ് കുടിക്കാൻ ഉപയോഗിക്കുന്ന സ്ട്രോയും ഉപയോഗിച്ചായിരുന്നു അടിയന്തര ശസ്ത്രക്രിയ.

 

ഞായറാഴ്ച രാത്രി എട്ടരയോടെ ഉദയംപേരൂർ വലിയംകുളത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്നു പേർക്ക് പരിക്കേറ്റത്. ഇതില്‍ ബൈക്ക് യാത്രക്കാരനായ ലിനീഷിന്റെ നില അതീവ ഗുരുതരമായിരുന്നു. മുഖത്തും പല്ലുകളിലും ഉണ്ടായ പരിക്കിനെ തുടർന്ന് രക്തം കട്ടപിടിച്ച്‌ ശ്വാസനാളം പൂർണമായി അടഞ്ഞ നിലയിലായിരുന്നു യുവാവ്. ശ്വാസം എടുക്കാൻ കഴിയാതെ ‘റെസ്പിറേറ്ററി അറസ്റ്റ്’ അവസ്ഥയിലേക്ക് നീങ്ങുമ്ബോഴാണ് വഴിയാത്രക്കാരായ ഡോക്ടർമാർ ഉടൻ ഇടപെട്ടത്. ആശുപത്രിയിലേക്ക് എത്തിക്കാൻ സമയം പോരെന്ന തിരിച്ചറിവിലാണ്, വഴിയരികില്‍ ലഭ്യമായ സാധനങ്ങള്‍ ഉപയോഗിച്ച്‌ ശ്വാസനാളം തുറക്കാൻ തീരുമാനിച്ചത്.

 

നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ലഭിച്ച ഒരു റേസർ ബ്ലേഡും ശീതളപാനീയങ്ങള്‍ കുടിക്കാനുപയോഗിക്കുന്ന സ്‌ട്രോയും ഉപയോഗിച്ചായിരുന്നു സാധാരണയായി എമർജൻസി റൂമുകളില്‍ നടത്തുന്ന ‘സർജിക്കല്‍ ക്രിക്കോതൈറോട്ടോമി’ നടത്തിയത്. ശസ്ത്രക്രിയയിലൂടെ ശ്വാസം വീണ്ടെടുത്ത യുവാവിനെ തുടർന്ന് വൈറ്റില വെല്‍കെയർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Prev Post

പാഴൂർ പള്ളിപ്പാട്ട് ക്ഷേത്രത്തിൽ ഭാഗവത സപ്‌താഹയജ്ഞം തുടങ്ങി

Next Post

ഗാന്ധിദർശൻ വേദി പ്രതിഷേധ സംഗമം

post-bars