ക്ലീൻ പിറവം ക്യാമ്പയിൻ – നഗരസഭയിൽ “കുപ്പിച്ചില്ല്നിർമ്മാർജ്ജനം”ആരംഭിച്ചു.
പിറവം: മാലിന്യമുക്ത നവകേരളയുടെ ഭാഗമായി പിറവം നഗരസഭാ പ്രദേശത്തുനിന്നും അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് ജനങ്ങൾക്ക് ആരോഗ്യകരമായ ജീവിത സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ “ക്ലീൻ പിറവം”ക്യാമ്പയിന്റെ ഭാഗമായി “കുപ്പിച്ചില്ല് നിർമ്മാർജ്ജനം”ആരംഭിച്ചു. ഹരിത കർമ്മ സേനയുടെ നേതൃത്വത്തിൽ മാസം തോറും വീടുകളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തുവരുന്നതു കൂടാതെ വീടുകളിലുള്ള മറ്റിനം അജൈവവും അപകടകരവുമായ മാലിന്യങ്ങളായ ഉപയോഗ്യമല്ലാത്ത ബൾബ്, ട്യൂബ് ലൈറ്റ്, ടിവി, കമ്പ്യൂട്ടർ, ചെരുപ്പ്, ബാഗ് എന്നിവയും ഘട്ടം ഘട്ടമായി ശേഖരിച്ചു നിർമ്മാർജ്ജനം ചെയ്യുന്നതിന്റെ ആദ്യഘട്ടമെന്ന നിലത്തിലാണ് ‘കുപ്പിച്ചില്ല് നിർമ്മാർജ്ജന യജ്ഞം’ ആരംഭിച്ചത്. 27 വാർഡുകളിലുമായി 20 കളക്ഷൻ പോയിന്റുകളിൽ നിന്നായി ശേഖരിച്ച “കുപ്പിയും ചില്ലുകളും ശേഖരിച്ചു ഗ്രീൻ വാംസ്
കമ്പനിക്ക് കൈമാറും. ക്ലീൻ ക്യാമ്പയിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, വത്സല വർഗീസ്, ജൂബി പൗലോസ് കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ, ക്ലീൻ സിറ്റി മാനേജർ സി.എ നാസർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.സിജു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അരുൺ കുമാർ ഹരിതകർമ്മ സേന, ശുചീകരണ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
