അന്യ സംസ്ഥാന തൊഴിലാളിക്ക് പട്ടിക്കൂട് വാടകക്ക് നൽകിയ സംഭവം തൊഴിൽ വകുപ്പ് മന്ത്രി റിപ്പോർട്ടു തേടി.
പിറവം : പിറവം നഗരസഭ പുരത്തറകുളത്തിന് സമീപം അന്യ സംസ്ഥാന തൊഴിലാളിക്ക് പട്ടിക്കൂട് വാടകക്ക് നൽകിയ വിഷയത്തിൽ തൊഴിൽ വകുപ്പ് മന്ത്ര വി. ശിവൻകുട്ടി ലേബർ ഓഫീസറോട് റിപ്പോർട്ടു തേടി. ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ് കുമാർ, അസിറ്റന്റ് ലേബർ ഓഫീസർ മൂവാറ്റുപുഴ പി.കെ ദീപ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ സംഘം ബംഗാൾ സ്വദേശി ശ്യാംകുമാറിനോടും, വീട്ടുടമയുടെ വീട്ടിൽ എത്തിയും വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് മുൻസിപ്പൽ ഓഫീസിലും എത്തി റിപ്പോർട്ടു ശേഖരിച്ചു . ഇന്ന് തന്നെ ജില്ലാ കളക്റ്റർക്ക് സമർപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബംഗാൾ സ്വദേശിക്ക് പ്രതിമാസം 500 രൂപ നിരക്കിൽ പട്ടിക്കൂട് വാടകക്ക് നൽകി എന്ന പരാതിയെതുടർന്നാണ് അന്യോഷണം ഉണ്ടായതെന്ന് പറയുന്നു. എന്നാൽ ശ്യാം കുമാറിന് പരാതി ഇല്ലാത്തതിനാലും, വീട്ടുടമ നേരിട്ട് വാടകക്ക് നൽകിയതല്ല എന്നും പറയുന്നതിനാൽ പോലീസ് കെട്ടിട ഉടമയുടെ പേരിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തട്ടില്ല . ലേബർ ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാകും കൂടുതൽ നടപടികൾ ഉണ്ടാകുക.
