പിറവം – പെരുവാംമൂഴി റോഡ് നിർമ്മാണം നിലച്ചു. നിലവിലെ നിര്‍മ്മാണ കമ്പനിയെ ഒഴിവാക്കി റീ ടെണ്ടര്‍ ചെയ്യാന്‍ നടപടി .
പിറവം : നിയോജകമണ്ഡലത്തില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട്
( കെ.എസ്.ടി.പി ) യുടെ കീഴില്‍ നടക്കുന്ന കുമരകം – നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായ പിറവം – പെരുവാംമൂഴി റോഡിന്റെ പ്രവൃത്തികളെ സംബന്ധിച്ചുള്ള അവലോകന യോഗം അനൂപ് ജേക്കബ് എം. എൽ.എ-യുടെ അധ്യക്ഷതയിൽ ചേർന്നു. നിര്‍മ്മാണ പ്രവര്‍ത്തന പുരോഗതി ഇല്ലാത്തതിനാല്‍ നിര്‍മ്മാണ കമ്പനിയെ ഒഴിവാക്കി റീ ടെണ്ടര്‍ ചെയ്യാന്‍ പോകുകയാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. റീ-ടെണ്ടര്‍ ചെയ്യുന്നതിനു മുന്‍പായി പുതിയ ഡി.പി.ആറിന്റെ അന്തിമ തീരുമാനം എടുക്കുന്നതിനു മുന്‍പ് അടുത്ത ആഴ്ച രാമമംഗലം പഞ്ചായത്തിലും പിറവം മുൻസിപ്പാലിറ്റിയിലും ഉദ്യോഗസ്ഥര്‍ ഡി.പി.ആറുമായി വന്ന് ചര്‍ച്ച നടത്തും. നിലവില്‍ പൂര്‍ത്തിയാകാതെ പൊളിച്ചിട്ടിരിക്കുന്ന ഭാഗങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്തി മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് മേയ് 31-നു മുന്‍പ് സഞ്ചരയോഗ്യമാക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ പിറവം ചെയര്‍പേഴ്സണ്‍ ജൂലി സാബു, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് സ്റ്റീഫന്‍, പിറവം വൈസ് ചെയര്‍മാന്‍ കെ.പി സലിം ഉള്‍പ്പെടെയുള്ള ജനപ്രധിനിധികളും, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ഉദ്യോഗസ്ഥരും പങ്കെടുത്തു..നിലവിൽ റോഡിൻറെ നിർമ്മാണം പലയിടത്തും പൂർത്തീകരിക്കാത്ത നിലയിലാണ്. കരിങ്കൽച്ചിറ പാലം അപ്പ്രോച്ചു റോഡ് നിർമ്മാണം പാതി വഴിയിലാണ്. പിറവം കക്കാട് പടവെട്ടിപ്പാലം നിർമ്മാണം ആരംഭിച്ചിട്ട് പോലുമില്ല. പിറവം ടൗണിലെ വീതികൂട്ടൽ ഉപേക്ഷിച്ച നിലയിലുമാണ്.
