Back To Top

July 7, 2026

പുതിയറോഡ് – ചിത്രപ്പുഴപാലം നാലുവരിയാക്കാന്‍ ധാരണ: മന്ത്രി അനൂപ് ജേക്കബ്

 

പിറവം : പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള റിഫൈനറി റോഡില്‍ ഇരുമ്പനം പുതിയറോഡ് കവല മുതല്‍ ചിത്രപ്പുഴ പാലം വരെയുള്ള ഭാഗം നാലുവരിയാക്കാന്‍ ധാരണയായതായി ഭക്ഷ്യ- സിവില്‍ സപ്‌ളൈസ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.തിരുവാങ്കുളം മുന്‍സിപ്പല്‍ സോണല്‍ ഓഫീസില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണു ധാരണയായത്. പിഡബ്ല്യുഡി, റിഫൈനറി ഉന്നത ഉദ്യോഗസ്ഥരും മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും സംബന്ധിച്ചു.

പിഡബ്ല്യുഡി, റിഫൈനറി ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സംയുക്ത പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. എസ്റ്റിമേറ്റ് തീരുമാനിച്ച് ഫണ്ട് നല്‍കുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടി ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. അതോടൊപ്പം, ഇരുമ്പനം ജംഗ്ഷനു വടക്ക്് സീപോര്‍ട്ട്- എയര്‍പോര്‍ട്ട് റോഡിലെ വെള്ളക്കെട്ട് നിവാരണ പ്രവൃത്തിയും ഇതിലുള്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി. നാലുവരിയാക്കുമ്പോള്‍ മധ്യഭാഗത്തു വീതിയുള്ള മീഡിയനും ഇരുവശത്തേക്കും സ്ട്രീറ്റ് ലൈറ്റുകളും കാനകളും അതിനുമുകളില്‍ സ്ലാബ് വിരിച്ചു ഫുട്പാത്തും പരിഗണിക്കും. നിലവിലുള്ള പൈപ്പ് കള്‍വര്‍ട്ടുകള്‍ പരിശോധിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.2019 ല്‍ റിഫൈനറി ഗേറ്റ് വരെ നാലുവരിയാക്കാന്‍ അനൂപ് ജേക്കബ് എം.എല്‍.എയുടെ ആവശ്യപ്രകാരം പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ തീരുമാനിക്കുകയും തുടര്‍ന്ന്, പിഡബ്ല്യുഡി 38 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തിരുന്നു. നിര്‍മ്മാണം കൊച്ചി റിഫൈനറി നേരിട്ടു നടപ്പാക്കാന്‍ തയാറായെങ്കിലും അന്നത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല.ചിത്രപ്പുഴ മുതല്‍ എച്ച്ഒസി ഗേറ്റ് വരെ നാലുവരിയാക്കാന്‍ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കവേ, പുതിയറോഡ് ജംഗ്ഷന്‍ വരെ നാലുവരിയാക്കിയാല്‍ മാത്രമേ വികസനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനൂപ് ജേക്കബ് പൊതുമരാമത്ത് മന്ത്രിക്കും റിഫൈനറി അധികൃതര്‍ക്കും നിവേദനങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഈഭാഗവും നാലുവരിയാക്കാന്‍ റിഫൈനറി ഒരുക്കമായിരുന്നു. അതിനായി 17 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറായെങ്കിലും വളരെ കൂടുതലാണെന്നു റിഫൈനറി സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി അനൂപ് ജേക്കബ് യോഗം വിളിച്ചത്.

 

ചിത്രം : തിരുവാങ്കുളം മുന്‍സിപ്പല്‍ സോണല്‍ ഓഫീസില്‍ പുതിയറോഡ് ജംഗ്ഷന്‍ മുതല്‍ ചിത്രപ്പുഴ പാലം റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗം

.

 

Prev Post

നിര്യാതനായി

Next Post

പിറവത്ത് എക്‌സൈസ് കടവിൽ പുതിയ പാലം: സ്ഥലപരിശോധനയ്ക്ക് തുടക്കം

post-bars