മലയാള കവിതകളുടെ നൃത്താവിഷ്ക്കാരം; ജനഹൃദയങ്ങൾ കീഴടക്കി ‘രസസഞ്ചാര’
പിറവം : രാമമംഗലം ഷട്ക്കാല ഗോവിന്ദ മാരാർ സ്മാരക കലാ സമിതി അണിയിച്ചൊരുക്കിയ മലയാള കവിതകളുടെ നൃത്ത നാട്യാവിഷ്ക്കാരത്തിന്റെ ഉദ്ഘാടനം കവി മുരുകൻ കാട്ടാക്കട നിർവ്വഹിച്ചു. പ്രൊഫ.ജോർജ് എസ് പോൾ അധ്യക്ഷനായ ചടങ്ങിൽ അഡ്വ.അനൂപ് ജേക്കബ് എം.എൽ.എ മുഖ്യ അതിഥിയായി. പുരാതന കേരളത്തിൽ ജീവിച്ചിരുന്ന ചീരാമ കവി, കണ്ണശ്ശ കവികൾ പൂന്താനം, പുരാതന കവിത്രയങ്ങളായ ചെറുശ്ശേരി, എഴുത്തച്ഛൻ, കുഞ്ചൻ നമ്പ്യാർ തുടങ്ങി വയലാർ, ഒ.എൻ.വി, വിഷ്ണു നാരായണൻ നമ്പൂതിരി, സുഗതകുമാരി തുടങ്ങിയ പുതിയ കാലത്തെ കവികളുടെയും കവിതകൾ വരെ കോർത്തിണക്കി സൗന്ദര്യാത്മകമായി ചിട്ടപ്പെടുത്തിയപ്പോൾ രസസഞ്ചാരമായി പ്രേഷകരിലേക്കെത്തി. പ്രശസ്ത നർത്തകി സിത്താര ബാലകൃഷ്ണനാണ് നവരസ ഭാവങ്ങളോടെ ആശയവും ആവിഷ്കാരവും നിർവ്വഹിച്ചത്. രാമമംഗലം ഗവ. എൽപി സ്കൂൾ മൈതാനത്തെ വേദിയിൽ അർജുൻ എസ്.കുളത്തിങ്കൽ, ആർഎൽവി രമ്യാ കൃഷ്ണൻ, അനില അഖിൽ, ആര്യ.എൻ.ഉണ്ണി, ദേവിക ശരണ്യ, നിവേദിത എ. നായർ, ഷിയോണ ഷിജു, ഭദ്ര അരുൺ, മൃൺമയ, കൃഷ്ണനന്ദ എന്നിവർ നൃത്തച്ചുവടുകളുമായി രസ സഞ്ചാരയ്ക്ക് നൃത്ത നാട്യ ഭാവമൊരുക്കി. ദീപു (വോക്കൽ), സജിത്ത് പപ്പൻ (മദ്ദളം, ഇടയ്ക്ക, ചെണ്ട), സൗന്ദരരാജ് (വീണ), പവിത്രൻ ഹംസധ്വനി (പുല്ലാങ്കുഴൽ) എന്നിവർ അനുധാവനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ജെസി രാജു, വൈസ് പ്രസിഡൻ്റ് എൻ.ആർ ശ്രീനിവാസൻ, കലാസമിതി സെക്രട്ടറി കെ.ജയചന്ദ്രൻ, പി.പി.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ചിത്രം : ഷട്കാല ഗോവിന്ദ മാരാർ സ്മാരക കലാ സമിതി അണിയിച്ചൊരുക്കിയ നൃത്ത നാട്യാവിഷ്ക്കാരത്തിന്റെ ഉദ്ഘാടനം കവി മുരുകൻ കാട്ടാക്കട നിർവഹിക്കുന്നു.
