ലഹരി മാഫിയക്കെതിരെ നാട്ടുകാരുടെ മുന്നറിയിപ്പ്
പിറവം : അഞ്ചൽപ്പെട്ടിയിലും പരിസരത്തും ഉള്ള നിരോധിത ലഹരി മരുന്ന് വിൽപ്പനക്കാർക്കും, വിതരണക്കാർക്കും ജാഗ്രത മുന്നറിയിപ്പുമായി നാട്ടുകാർ. ‘കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്തു’ നിയമപാലകരെ ഏൽപ്പിക്കുമെന്ന് അടുത്തയിടെ ബോർഡ് വച്ചിരിക്കുകയാണ് നാട്ടുകാർ രൂപം നൽകിയ ജനകീയ പ്രതിരോധ സമിതി. അഞ്ചൽപ്പെട്ടി പുതുശേരിപ്പടി ഉൾപ്പെടെ പ്രദേശങ്ങളിൽ ലഹരി വിൽപ്പന സുജീവമായതോടെയാണ് നാട്ടുകാർ സംഘടിച്ചിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ പോലും ലഹരി സംഘത്തിന്റെ കണ്ണികളായതോടെയാണു ഇത്തരമൊരു മുന്നറിയിപ്പു നൽകേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു. അതിഥിത്തൊഴിലാളികളും വിൽപനയിൽ കണ്ണികളാകുന്നതായാണു പരാതി. പെരുമ്പാവൂരിലെ മൊത്ത വിതരണ കേന്ദ്രത്തിൽ നിന്നു കൊണ്ടു വന്നു ചില്ലറയാക്കി വിൽക്കുന്ന ആളുകളും ഈ ഭാഗത്തു സജീവമാണ്. അരിക്കൽ വെള്ളച്ചാട്ടം പരിസരത്തും വിദ്യാർഥികളെ ലക്ഷ്യമിട്ട് എജൻ്റൂമാർ പ്രവർത്തിക്കുന്നതായും ആരോപണമുണ്ട്. പിറവം എക്സൈസ് ഓഫിസ് പരിധിയിൽ ഉൾപ്പെടുന്ന ഇവിടെ പരിശോധന കാര്യക്ഷമമല്ലെന്ന് നേരത്തെ മുതൽ ആക്ഷേപമുണ്ട്. പിറവം, രാമമംഗലം പൊലീസ് സ്‌റ്റേഷനുകൾ അതിരിടുന്ന പ്രദേശമാണു അഞ്ചെൽപെട്ടിയിലെ തൊമ്മൻ പടിയും, പുതുശേരിപ്പടിയുമെല്ലാം. ആലിൻചുവട് പരിസരത്തു ലഹരി വിൽപ്പനയുടെ മറവിൽ യുവാക്കളുടെ നേതൃത്വത്തിലുള്ള സംഘം ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത് അടുത്തയിടെയാണ്. ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
