പിറവം പുഴയിലേക്ക് മാലിന്യമൊഴുക്കി
പിറവം: പിറവം പുഴയിലേക്ക് മാലിന്യം ഒഴുക്കിയതായി പരാതി. പിറവം മാർക്കറ്റിന്റെ പിൻവശത്തുകൂടി കുട്ടികളുടെ പാർക്കിന് സമീപത്ത് പുഴയിലേക്ക് എത്തുന്ന തോടിലൂടെയാണ് മാലിന്യം പുഴയിലെത്തിയത്. പുഴയിൽ ചൂണ്ട ഇടാൻ വന്നവരാണ് സംഭവം ആദ്യം കണ്ടത്. സെപ്റ്റിക് ടാങ്ക് മാലിന്യമെന്നും രാസമാലിന്യമെന്നും നാട്ടുകാർ സംശയമുന്നയിക്കുന്നു. ഹോട്ടലിലെ മാലിന്യ ടാങ്ക് തുറന്നുവിട്ടതാണെന്നും ആരോപണമുണ്ട്. ഈ ഭാഗത്ത് മീനുകൾ ഉൾപ്പെടെ ചത്തുപൊങ്ങിയതായും പറയുന്നു. നഗരസഭ ആരോഗ്യവിഭാഗം എത്തി ശുചീകരണം നടത്തി. കളമ്പൂക്കാവിന് സമീപം പ്രവർത്തിക്കുന്ന ചേർത്തല, ആലപ്പുഴ ഭാഗത്തേക്ക് വെള്ളം എത്തിക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതി, എറണാകുളം ഭാഗത്തേക്ക് വെള്ളമെത്തിക്കുന്ന പാഴൂരുള്ള ജനറം പദ്ധതി ഉൾപ്പെടെയുള്ള
നിരവധി കുടിവെള്ളപദ്ധതികൾക്ക് മൂവാറ്റുപുഴയാറിലെ പിറവം ഭാഗത്തുനിന്ന് വെള്ളം എടുക്കുന്നുണ്ട്. മാലിന്യം ഒഴുക്കിയവർക്കതിരെ കർശനനടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
