Back To Top

January 5, 2025

നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു.

By

കൂത്താട്ടുകുളം : നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്തു. കൂത്താട്ടുകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ 1 കോടി 79 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഐസൊലേഷൻ വാർഡിന്റെ നിർമ്മാണത്തിലെ അഴിമതിയെ സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ അവതരിപ്പിച്ച പ്രമേയ അവതരണം

ചെയർപേഴ്സൺ വിജയാ ശിവൻ നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സമരം നടന്നത്.

 

തൃശൂർ ജില്ല ലേബർ സൊസൈറ്റി കരാർ ഏറ്റെടുത്ത് പണികൾ പൂർത്തീകരിച്ചത്. ഫെബ്രുവരി 6 ന് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്‌തതാണ്. 1.79 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച വാർഡിൽ 10 ബെഡ് ആണ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്. ഇവർക്കായി അഞ്ച് ശുചിമുറികളും ഉണ്ട്. ഇതിൽ രണ്ട് ശുചിമുറികൾ ഉപയോഗശൂന്യമായ നിലയിലാണ് ഉള്ളത്. പുരുഷന്മാരുടെ ശുചിമുറിക്കുള്ളിൽ ശുചിമുറി മാലിന്യം തളംകെട്ടി കിടക്കുന്ന നിലയിലാണ്. ദുർഗന്ധം കാരണം ഈ ഭാഗത്ത് കഴിയാത്ത അവസ്ഥയാണ് ഉള്ളത്. ഭിന്നശേഷിക്കാർക്ക് നിർമ്മിച്ച ശുചിമുറിയിൽ പൈപ്പ് ബ്ലോക്കായി വെള്ളം നിറയുകയാണ്.

ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഫിൽറ്ററും പ്രവർത്തിക്കുന്നില്ല. ഇത്തരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കഴിയാത്ത അവസ്ഥയാണ് ഇവിടുത്തെ രോഗികൾക്ക് ഉള്ളത്.

 

ഐസൊലേഷൻ വാർഡിന്റെ ഇലക്ട്രിക്കൽ റൂമും അപകടാവസ്ഥയിലാണ് ഇവിടെ നിന്നും ഒരു ജീവനക്കാരിക്ക് ഷോക്കേറ്റു. നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന കെട്ടിടത്തിനുള്ളിലെ പല മുറികളുടെയും താക്കോൽ എവിടെയെന്നു പോലും ജീവനക്കാർക്ക് അറിയില്ല. പല മുറികളുടെയും ജനലുകളും തുറക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഉള്ളത്. സ്ട്രെച്ചറിൽ രോഗികളെ കയറ്റാനാവില്ല. കെട്ടിടം നിർമ്മിച്ച 1.79 കോടിയിൽ പകുതി അഡ്വ. അനൂപ് ജേക്കബ് എം എൽ എ യുടെ ഫണ്ടും പകുതി കിഫ്ബി ഫണ്ടുമാണ്.

 

ഈ വിഷയത്തിൽ ചെയർപേഴ്സൺ പ്രമേയ അവതരണാനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ കൗൺസിലിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് കൗൺസിൽ തടസ്സപ്പെടുത്തി.തുടർന്ന് കൗൺസിൽ ബഹിഷ്ക്കരിച്ച് ഇറങ്ങിപ്പോയി. കൗൺസിലിലെ പ്രതിഷേധത്തിന് പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ , പി.സി.ഭാസ്ക്കരൻ, ബോബൻ വർഗീസ് ,സി.എ.തങ്കച്ചൻ, സിബി കൊട്ടാരം, ജിജോ ടി ബേബി, റോയി ഇരട്ടയാനി, മരിയ ഗൊരേത്തി, ടി.എസ്.സാറ, ലിസി ജോസ് എന്നിവർ നേതൃത്വം നൽകി.

 

നഗരസഭയിലെ ഏക സ്വതന്ത്ര കൗൺസിലർ പി.ജി.സുനിൽകുമാറും വിഷയത്തിൽ പ്രതിപക്ഷ കൗൺസിലർമാർക്ക് പിന്തുണ നൽകി.

 

ഐസൊലേഷൻ വാർഡിന്റെ നിർമ്മാണ ഉത്തരവാദിത്വം നഗരസഭയ്ക്ക് അല്ല എന്ന് നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ, വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് എന്നിവർ അറിയിച്ചു.

 

ഫോട്ടോ : കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് സമരം ചെയ്യുന്നു

Prev Post

മണ്ണത്തൂർ ഈറ്റാപ്പിള്ളിൽ മെന്റർ അക്കാദമി ഗ്രൗണ്ടിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ആരംഭിച്ചു.

Next Post

അശരണായവരെ ചേർത്തുപിടിക്കാൻ സമൂഹം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ഇത് ഏറെ പ്രശംസനീയമാണെന്നും ചാണ്ടി…

post-bars