Back To Top

July 18, 2026

പിറവം മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

 

 

പിറവം: പിറവം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ ജലവിതരണ പദ്ധതികളും കനാലുകളുടെ പുനരുദ്ധാരണവും അനുബന്ധ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി.

ജലവിഭവ മന്ത്രി മോന്‍സ് ജോസഫിൻ്റെ അധ്യക്ഷതയിൽ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി അനൂപ് ജേക്കബും പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണു നിര്‍ണ്ണായക തീരുമാനം.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന തോട്ടറപുഞ്ചയുടെ സംരക്ഷണം, പിറവം പുഞ്ച സംരക്ഷണം, പാടത്ത്താഴം കടവ് പാടശേഖരം, കാഞ്ഞിരമറ്റം പാടശേഖരം, എടശേരിമറ്റം പാടശേഖരം തുടങ്ങി മൈനര്‍ ഇറിഗേഷനില്‍പ്പെട്ട മറ്റു പ്രധാന പ്രവൃത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.

പെരിയാര്‍വാലി ജലസേചന പദ്ധതിക്കു (പിവിഐപി) കീഴില്‍ വരുന്ന കനാലുകളുടെ അറ്റകുറ്റപണി നടത്താനും കനാലിന്റെ അറ്റംവരെ ജലം എത്തിക്കാനും നടപടി സ്വീകരിക്കും.ക്ഷേത്രക്കുളങ്ങള്‍ ഉള്‍പ്പെടെ നാശോന്മുഖമായ ഏഴു പൊതുകുളങ്ങള്‍ സംരക്ഷിക്കാന്‍ മന്ത്രി അനൂപ് ജേക്കബ് നിര്‍ദ്ദേശം നല്‍കി.നിലവില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നിലച്ചുപോയ ജല്‍ജീവന്‍ പദ്ധതിയുടെയും അമൃത് പദ്ധതികളുടെയും പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കും. മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ടിന്റെ (എം.വി.ഐ.പി) കീഴില്‍ വരുന്ന കനാലുകളുടെയും റോഡുകളുടെയും പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റിയുടെ കീഴില്‍ വരുന്ന മോശമായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ജലവിഭവ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന യോഗത്തില്‍ മൈനര്‍ ഇറിഗേഷന്‍ മേജര്‍ ഇറിഗേഷന്‍, പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ട്, മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട്, ജല്‍ജീവന്‍ പദ്ധതി, അമൃത് പദ്ധതി, കേരള വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

 

ചിത്രം : പിറവം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ ജലവിതരണ പദ്ധതികളുമായി ബന്ധപ്പെട്ട് മന്ത്രിമാരായ മോന്‍സ് ജോസഫും അനൂപ് ജേക്കബും പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥതല അവലോകന യോഗം

.

Prev Post

കെ.എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

Next Post

സോഷ്യൽ ജസ്റ്റിസ് ഫോറം നന്മയോടെ ,നാടിനൊപ്പം സ്നേഹക്കൂട്ടായ്‌മ സംഘടിപ്പിച്ചു

post-bars