അപകടഭീഷണി ഉയർത്തി ടിപ്പർ ലോറികൾ
പാമ്പാക്കുട: മണ്ണുമായി പോകുന്ന ടിപ്പർ ലോറികൾ ഇടതടവില്ലാതെ കടന്നു പോകുനത് മൂലം ചെറുതും വലുതുമായ അപകടങ്ങൾ തുടർക്കഥയാകുന്നു. പാമ്പാക്കുട എം.ടി.എം കവലയ്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചുകയറിയതാണ് അവസാന സംഭവം. ഈ സമയം എതിരെ മറ്റു വാഹനങ്ങൾ വരാതിരുന്നത് മൂലം വൻ അപകടമാണ് ഒഴിവായത്. കുട്ടികളും സ്ത്രീകളും ഉൾപ്പടെ നിരവധി പേർക്കാണ് സമീപകാലത്ത് വിവിധ അപകടങ്ങളിലായി പരുക്കേറ്റത്. കഴിഞ്ഞ മാസം ഓണക്കൂർ നിരപ്പിൽ സ്കൂട്ടറിന് പിറകിൽ ടിപ്പർ ലോറിയിടിച്ച് രണ്ടുപേർക്ക് സാരമായി പരുക്കേറ്റിരുന്നു. ഇടിച്ചതിന് ശേഷം നിർത്താതെ പോയ ടിപ്പർ ലോറി നാട്ടുകാർ പിന്തുടർന്നാണ് പിടികൂടിയത്. കൂടാതെ പാമ്പാക്കുട ടൗണിൽ സ്ത്രീകൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലും ടിപ്പർ ഇടിച്ചിരുന്നു. ശ്രീനാരായണപുരം ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷ പിന്നിൽ നിന്നും ടിപ്പർ ലോറി ഇടിച്ചുതെറിപ്പിച്ചു. ഒന്നിൽ അധികം ലോറികൾ ഒരേസമയം നിരത്ത് നിറഞ്ഞു പോകുന്നത് മൂലം ഇരുചക്ര വാഹന യാത്രക്കാരും കാല്നട യാത്രക്കാരും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
