ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ വാർഷികാഘോഷം നടത്തി.
പിറവം : പഠനത്തിലുള്ള മികവ് മാത്രമല്ല ജീവിത വിജയത്തിന്റെ അളവുകോൽ എന്നും കാര്യങ്ങളെ അപഗ്രഥിച്ചുദ്ഗ്രഥിക്കാനും സ്വാംശീകരിക്കാനും കഴിയണമെന്നും പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തുമായ ബിബിൻ ചന്ദ്രൻ. പഠനത്തിൽ മുൻനിരയിൽ നിൽക്കാത്ത പലരും ജീവിതത്തിൽ മുൻപന്തിയിൽ എത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളേജിന്റെ വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു നടൻ കൂടിയായ ബിപിൻ ചന്ദ്രൻ. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സജീവ് പി.കെ അധ്യക്ഷത വഹിച്ചു. ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ, മാത്യൂ പീറ്റർ, പൗലോസ് മാഞ്ഞാമറ്റം, മാജി സന്തോഷ്, , ഡെൽന ആൻ ബിനു, വസുദേവ് പ്രവീൺ തുടങ്ങിയവർ പ്രസംഗിച്ചു. മാനേജിംഗ് ട്രസ്റ്റി ബേബി വർക്കി ബിബിൻ ചന്ദ്രന് ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ നടന്നു.
