കോലഞ്ചേരിയിൽ വഴിയോരമില്ല. വഴിയാത്രക്കാർക്ക് ശരണം ദേശീയപാത . *ടൗണിൽ അപകടം പതിയിരിക്കുന്നു. *
കോലഞ്ചേരി: കൊച്ചി – ധനുഷ്കോടി ദേശീയ പാത കടന്ന് പോകുന്ന കോലഞ്ചേരി ടൗണിൽ വഴിയാത്രക്കാർക്കുള്ള വഴിയോരം കൈയ്യടക്കിയ നിലയിലാണ്. ആയിരക്കണക്കിന് ആളുകൾ ദിവസവും വന്ന് പോകുന്ന ടൗണിലെ വഴിയോരങ്ങൾ വഴിയോര കച്ചവടക്കാർ,പുറത്തേക്കിറക്കി വില്പന നടത്തുന്ന വ്യാപാരികൾ, ഭിക്ഷടന സംഘം, ഫ്ലക്സ് ബോർഡുകൾ, അനധികൃത വാഹന പാർക്കിംങ്ങ് തുടങ്ങിയവർ കയ്യടക്കി വച്ചിരിക്കുകയാണ്. കോലഞ്ചേരിയിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് യാത്ര നടത്തുന്ന ബസ്സുകൾ റോഡിലേക്ക് കയറ്റി നിർത്തുന്നത് അപ്രതീക്ഷിത കുരുക്കുണ്ടാക്കാൻ കാരണമാകുന്നു. ബസ് സ്റ്റാൻഡിൽ നേരത്തെ ഇറങ്ങി ടൗണിൽ വന്ന് മിനിറ്റുകളോളം നിർത്തിയിട്ട് ആളെ കയറ്റുന്നത് കൂടി വരികയാണ്. മുവാറ്റുപുഴ ഭാഗത്തേക്ക് യാത്ര ചെയ്ത് പോകേണ്ട ആളുകൾക്ക് ബസ് സ്റ്റോപ്പിലേക്ക് എത്തണമെങ്കിൽ തിരക്കേറിയ ദേശീയ പാതയിലൂടെ നടന്ന് വേണം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് എത്താൻ. വർഷങ്ങളായി നടപ്പാത കയ്യേറി നടത്തുന്ന ചീര കച്ചവടവും, ദേശീയ പാതയിലേക്ക് ഇറക്കി വച്ചിട്ടുള്ള തട്ടു കടകളും മൂലം യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്. സന്ധ്യയായാൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ സാമൂഹ്യ വിരുദ്ധരുടെ താവളവുമാണ്. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന മദ്യ ഷാപ്പുകളിൽ നിന്നും മദ്യപിച്ചെത്തുന്നവർ പലപ്പോഴും വഴിയോരങ്ങൾ കയ്യെടുക്കി വിവസ്ത്രരായി കിടക്കുന്നതും പതിവ് കാഴ്ച്ചയാണ്. ഒരു വർഷത്തോളമായി ഒച്ചിഴയുന്ന വേഗത്തിൽ നടക്കുന്ന ദേശീയ പാത വികസനവും വഴിയാത്രക്കാർക്കും വാഹന യാത്രക്കാർക്കും ഭീഷണിയാണ്. നിരവധി സ്കൂളുകളും കോളജുകളും സ്ഥിതി ചെയ്യുന്ന ടൗണിൽ ഒരു നിയന്ത്രണവുമില്ലാതെ അമിത ലോഡും പേറി, സമയ ക്രമങ്ങളെല്ലാം കാറ്റിൽ പറത്തി ചീറി പായുന്ന ടോറസ് ലോറികൾ കുഞ്ഞുങ്ങളടക്കമുള്ള മനുഷ്യജീവനുകൾക്ക് പുല്ല് വിലയാണ് കല്പിക്കുന്നത്.
(ഫോട്ടോ 1: മുവാറ്റുപുഴ ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട ആളുകൾ കടന്ന് വരേണ്ട നടപ്പാതകൾ കയ്യേറിയ നിലയിൽ. )
(ഫോട്ടോ: 2 എറണാകുളം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ട ബസ്സുകൾ ദേശീയ പാതയിലേക്ക് കയറ്റിയിട്ട് ആളെ കയറ്റുന്നു.)
(സജോ സക്കറിയ ആൻഡ്രൂസ് കോലഞ്ചേരി)
Get Outlook for Android