സംസ്ഥാന സ്കൂൾ കായിക മേള.
കോലഞ്ചേരി : സംസ്ഥാന സ്കൂൾ കായിക മേളയുടെ പ്രധാന വേദികളൊന്നായ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നു (ചൊവ്വ) മത്സരങ്ങൾക്കു തുടക്കമാകും. ഉച്ചയ്ക്ക് 12 ന് മത്സരങ്ങളുടെ ഉദ്ഘാടനം പി.വി. ശ്രീനിജിൻ എംഎൽഎ നിർവഹിക്കും. ഐബിഎസ് സോഫ്ട് വെയർ കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുക്കും. സ്കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ അഡ്വ. മാത്യു പി.പോൾ , പ്രിൻസിപ്പൽ ഹണി ജോൺ തേനുങ്കൽ എന്നിവർ പ്രസംഗിക്കും. മത്സരാർഥികളെ വരവേൽക്കാൻ സ്കൂളും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. ഇന്നു മുതൽ 11 വരെ വോളിബോൾ, ബോൾ ബാഡ്മിൻ്റൻ , വുഷു എന്നീ മത്സരങ്ങളാണ് സെൻ്റ് പീറ്റേഴ്സ് സ്പോർട്സ് സെൻ്ററിലും സ്കൂൾ ഗ്രൗണ്ടിലും കോളജ് ഗ്രൗണ്ടിലുമായി. നടക്കുന്നത്.
കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനെ കൂടാതെ പുത്തൻകുരിശ് എം.ജി.എം സ്കൂൾ, ഗവ:ഹയർ സെക്കണ്ടറി സ്കൂൾ കടയിരപ്പ് എന്നീ സ്കൂളുകളിലും കായിക മേള നടക്കുന്നുണ്ട്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ടീമുകൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കുള്ള താമസ സൗകര്യവും സ്കൂളുകളിൽ ക്രമീകരിച്ചിട്ടുണ്ട്.
(ചിത്രം:സംസ്ഥാന സ്കൂൾ കായിക മേളയിൽ പ്രദാന വേദികളിലൊന്നായ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള തക്കുടു എന്ന ഭാഗ്യ ചിഹ്നം.)