മൂവാറ്റുപുഴയില്‍ അർധരാത്രിയില്‍ സ്പാ ജീവനക്കാരിയായ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയിലായി.
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ അർധരാത്രിയില്‍ സ്പാ ജീവനക്കാരിയായ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ ഗുണ്ടാസംഘം പൊലീസിന്റെ പിടിയിലായി.
ഈസ്റ്റ് മാറാടി സ്വദേശി അജിത് (19), മീങ്കുന്നം സ്വദേശി അദ്വൈത് (20), പഞ്ചായത്തുപടി സ്വദേശി ടോമി ഷാജി (19), ഹൈസ്കൂള്‍ കവലയ്ക്ക് സമീപം താമസിക്കുന്ന അർജുൻ സനില്‍ (20), മങ്ങമ്പ്ര സ്വദേശി അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനില്‍ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15-ാം തീയതി അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
പിറവം റോഡിലെ സ്ഥാപനത്തില്‍ നിന്നും ജോലി കഴിഞ്ഞ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്ന പാലാ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്. ബൈക്കുകളിലെത്തിയ പ്രതികള്‍ 130 ജംഗ്ഷന് സമീപം വെച്ച് യുവതിയെ ശല്യം ചെയ്യുകയും പിന്തുടരുകയും ചെയ്തു. ഭയന്നോടിയ യുവതിയെ ഇവർ ബൈക്കിടിച്ച് വീഴ്ത്താനും ശ്രമിച്ചു. ഈ സമയം ഓടിവന്ന യുവതിയെ കണ്ട് അതുവഴി ബൈക്കിലെത്തിയ ആരക്കുഴ സ്വദേശിയായ യുവാവ് സഹായത്തിനെത്തി. യുവതിയെ ബൈക്കില്‍ കയറ്റി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് ബൈക്ക് കേടായി നിന്നുപോയി.
പ്രതികള്‍ അടുത്തുപോയതോടെ എന്തുചെയ്യണമെന്നറിയാതെ നിന്ന ഇവർക്ക് രക്ഷയായത് ആ വഴി വന്ന ഒരു ട്രക്കാണ്. പിറവം ഭാഗത്തേക്ക് ലോഡുമായി പോവുകയായിരുന്ന ട്രക്കിന്റെ ബംഗാളി ഡ്രൈവർ, ഭാഷ അറിയില്ലെങ്കിലും ഇരുവരും വലിയ അപകടത്തിലാണെന്ന് മനസ്സിലാക്കി അവരെ വണ്ടിയില്‍ കയറ്റി വേഗത്തില്‍ മുന്നോട്ട് എടുത്തു. എന്നാല്‍ അക്രമികളായ യുവാക്കള്‍ ഇരുമ്പുവടികളുമായി ബൈക്കുകളില്‍ ലോറിയെ പിന്തുടരുകയും വണ്ടി തടഞ്ഞ് ആക്രമിക്കാൻ പലതവണ ശ്രമിക്കുകയും ചെയ്തു.
ഈ സമയത്ത് പുറകില്‍ കാറിലുണ്ടായിരുന്ന യാത്രക്കാർ ഈ ഭീകരാന്തരീക്ഷം കണ്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി. ലോറിക്കുള്ളിലിരുന്ന് യുവതി ഗൂഗിളില്‍ നിന്ന് മൂവാറ്റുപുഴ പൊലീസിന്റെ നമ്പർ കണ്ടുപിടിച്ച് വിവരമറിയിച്ചു. ഉടൻ തന്നെ മൂവാറ്റുപുഴ പൊലീസ് കണ്‍ട്രോള്‍ റൂമിലും സമീപ സ്റ്റേഷനുകളിലും സന്ദേശമയച്ചു. രാമമംഗലം ഭാഗത്ത് പട്രോളിങ്ങിലായിരുന്ന പിറവം പൊലീസ് സംഘം അതീവ ജാഗ്രതയോടെ നിലയുറപ്പിക്കുകയും വേഗത്തില്‍ പാഞ്ഞുവന്ന ട്രക്ക് തടഞ്ഞുനിർത്തുകയും ചെയ്തു.
പൊലീസ് വണ്ടി കണ്ടതോടെ പിന്തുടർന്നു വന്ന പ്രതികള്‍ ബൈക്ക് തിരിച്ചുവിട്ട് രക്ഷപ്പെട്ടു. തുടർന്ന് പൊലീസ് യുവതിയില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും കാർ യാത്രക്കാർ നല്‍കിയ ദൃശ്യങ്ങളില്‍ നിന്ന് ഒരു ബൈക്കിന്റെ നമ്പർ തിരിച്ചറിയുകയും ചെയ്തു. ഈ സൂചന വെച്ച് മൂവാറ്റുപുഴ എസ്.എച്ച്.ഓ അനില്‍ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ തന്നെ പ്രതികളുടെ വീടുകള്‍ വളഞ്ഞ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു. വധശ്രമം, സ്ത്രീകളെ പിന്തുടർന്ന് അതിക്രമം കാണിക്കല്‍ തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതികളെ റിമാൻഡ് ചെയ്തു. അന്ന് ആ ട്രക്ക് ഡ്രൈവർ രക്ഷക്കെത്തിയില്ലായിരുന്നെങ്കില്‍ യുവതിയുടെ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
