പിറവം നഗരസഭയിൽ വാർഡുകളിൽ ലക്ഷങ്ങളുടെ സാനിറ്റഷൻ ഫണ്ട് നൽകിയെന്ന പ്രസ്താവന അടിസ്ഥാന രഹിതം
പിറവം : പിറവം നഗരസഭയിൽ സാനിറ്റേഷൻ ഫണ്ടായി ഓരോ വാർഡിലേക്കും ലക്ഷങ്ങൾ നൽകിയിരുന്നുവെന്ന നഗരസഭ ഭരണസമിതിയുടെ പ്രസ്‌താവന തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ ലഭിച്ചതായി യു.ഡി.എഫ്. ഒരു വാർഡിലേക്ക് വെറും 65000/-രൂപ മാത്രമാണ് കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ ആകെ വാർഡ് സാനിറ്റേഷൻ ഫണ്ടായി പിറവം നഗരസഭ നൽകിയിരിക്കുന്നത്.വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയ്ക്ക്, നഗരസഭ പബ്ലിക് ഇൻഫോർമേഷൻ ഓഫീസർ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കിയത്. നേരത്തെ ആറാം ഡിവിഷനിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിപക്ഷം സമരം ശക്തമാക്കിയപ്പോൾ,അതിന് മറുപടിയായി വാർഡ് സാനിറ്റേഷൻ ഫണ്ടായി ലഭിച്ച ലക്ഷക്കണക്കിന് രൂപ കൗൺസിലർ ചിലവഴിച്ചില്ലയെന്ന അടിസ്ഥാന രഹിതമായ ആരോപണമുന്നയിച്ച നഗരസഭ ചെയർപേഴ്സന്റെയും വൈസ് ചെയർമാന്റെയും വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണെന്നും ജനകീയയായ കൗൺസിലർ ജിൻസി രാജുവിനെ പൊതു ജനമധ്യത്തിൽ അധിക്ഷേപിക്കുന്നതിനും, തങ്ങൾക്കെതിരെയുള്ള സമരങ്ങളിൽ നിന്ന് പൊതു ജനശ്രദ്ധ തിരിക്കുന്നതിനും വേണ്ടി മാത്രമാണ് നഗരസഭ ഭരണ നേതൃത്വം ഇത്തരം വ്യാജ ആരോപണങ്ങളുന്നയിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു .
