Back To Top

January 11, 2026

പിറവം ആറ്റുതീരം പാര്‍ക്കിന്റെ പുഴയോരത്ത്‌ അജ്‌ഞാത ബാഗും അതിനകത്തെ സ്വര്‍ണ്ണ വളകളും ആരുടേതെന്നറിയാതെ പിറവം പോലീസ്‌ വട്ടം ചുറ്റി.

പിറവം : ആറ്റുതീരം പാര്‍ക്കിന്റെ പുഴയോരത്ത്‌ അജ്‌ഞാത ബാഗും അതിനകത്തെ സ്വര്‍ണ്ണ വളകളും ആരുടേതെന്നറിയാതെ പിറവം പോലീസ്‌ വട്ടം ചുറ്റി.ഒടുവില്‍ രണ്ടര മണിക്കൂറിന്‌ ശേഷം 12 കിലോമീറ്റര്‍ ദൂരത്തില്‍ മുളന്തുരുത്തി തിരുത്തിക്കരയില്‍ താമസിക്കുന്ന അജ്‌ഞാതനെ കുടുംബ സമേതംകണ്ടെത്തി സ്‌റ്റേഷനില്‍ എത്തിച്ച്‌ ഒന്നര ലക്ഷം രൂപയുടെ സാധനങ്ങള്‍ തിരികെ ഏല്‍പ്പിച്ചു.

ഇതിന്‌ നിമിത്തമായത്‌ അങ്കണവടി അധ്യാപിക സി.കെ.സുധയും.സംഭവം ഇങ്ങനെ വ്യാഴം വൈകിട്ട്‌ ആറ്‌ മണിയോടെ ആറ്റുതീരം പാര്‍ക്കിന്‌ സമിപം താമസിക്കുന്ന അങ്കണവടി അധ്യാപിക കോട്ടപ്പുറം പള്ളിമലയില്‍ സി.കെ.സുധ നടക്കാനിറങ്ങിയതായിരുന്നു.ഏഴ്‌ മണിയോടെ അധ്യാപിക വീട്ടിലേക്ക്‌ മടങ്ങാന്‍ തുടങ്ങുമ്ബോഴാണ്‌ പാര്‍ക്കിന്‌ സമീപം ഒരു ബാഗ്‌ ഇരിക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടത്‌.അപ്പോഴേക്കും പാര്‍ക്കില്‍ ഉണ്ടായിരുന്ന ആളുകള്‍ എല്ലാം പോയിരുന്നു.ബാഗിനുള്ളില്‍ നിന്നും ഉടമസ്‌ഥനെ കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കും എന്ന്‌ കരുതി തുറന്ന്‌ നോക്കിയെങ്കിലും യാതൊരു രേഖയും ലഭിച്ചില്ല. രണ്ട്‌ സ്വര്‍ണ്ണ വളകളും കുട്ടികളുടെ ഉടുപ്പുകളും ബാഗില്‍ നിന്നും കിട്ടി.ഉടന്‍തന്നെ പിറവം പോലീസില്‍ വിവരം അറിയിച്ചു. ബാഗിനുള്ളില്‍ പോലീസ്‌ വിശദമായി പരിശോധിച്ചതില്‍ നിന്നും ചോറ്റാനിക്കരയുള്ള ആശുപത്രിയുടെ ഒപി ചീട്ട്‌ ലഭിച്ചു. ബാഗ്‌ മറന്ന്‌ വെച്ചതാണോ അതോ ഉടമസ്‌ഥന്‍ പുഴയില്‍ വീണ്‌ അപകടം സംഭവിച്ചതാണോ എന്നറിയാതെ പോലീസ്‌ ആശയകുഴപ്പത്തിലായി.ചോറ്റാനിക്കര പോലീസിന്റെ സഹായത്തോടെ ആശുപത്രിയില്‍ നിന്നും ചീട്ടിന്റെ ഉടമസ്‌ഥന്റെ അഡ്രസ്സും ഫോണ്‍ നമ്ബറും കണ്ടെത്തി.ഫോണില്‍ വിളിച്ചിട്ടും ആരും എടുക്കാതെ വന്നതോടെ അഡ്രസില്‍ പറയുന്ന മുളന്തുരുത്തി തുരുത്തിക്കരയില്‍ ഉള്ള വീട്ടിലേക്ക്‌ പോലീസ്‌ സംഘം രാത്രിയില്‍ യാത്ര തിരിച്ചു.ഈ സമയം ഫോണിന്റെ ഉടമ മിസ്‌കോള്‍ കണ്ടു തിരിച്ചു വിളിച്ചപ്പോഴാണ്‌ പിറവം പോലീസില്‍ നിന്നാണ്‌ വിളിച്ചതെന്ന്‌ മനസ്സിലായത്‌. പോലീസ്‌ പറയുമ്ബോഴാണ്‌ ബാഗ്‌ നഷ്‌ടപ്പെട്ട കാര്യം വീട്ടുകാര്‍ അറിയുന്നത്‌.തുരുത്തിക്കര എളംകുളത്തില്‍ അമലും കുടുംബവും വ്യാഴാഴ്‌ച വൈകിട്ട്‌ ആറ്‌ മണിയോടെ പിറവം ആറ്റുതീരം പാര്‍ക്കില്‍ എത്തിയിരുന്നു.രണ്ട്‌ വയസുള്ള മകള്‍ ഒലിവിനെ വെള്ളത്തില്‍ ഇറക്കി കുളിപ്പിച്ചപ്പോള്‍ കുട്ടിയുടെ അമ്മ ബ്രിന്‍ഡ മകളുടെ രണ്ട്‌ വളകളും ഊരി അമലിന്റെ അമ്മ വത്സമ്മയുടെ കയ്യില്‍ കൊടുത്തു.ബാഗിനുള്ളില്‍ വളകള്‍ സൂക്ഷിച്ച ശേഷം കാറിനുള്ളില്‍ എടുത്തു വെക്കാതെ പുഴയരികില്‍ വെച്ചു.സമയം ഏഴ്‌ മണിയോടെ കുടുംബം കാറില്‍ തുരുത്തിക്കരയിലുള്ള വീട്ടിലേക്ക്‌ മടങ്ങി.മൊബൈല്‍ ഫോണ്‍ കാറിനകത്തായിരുന്നു.പോലീസ്‌ ഈ സമയത്താണ്‌ വിളിച്ചത്‌.ബാഗ്‌ കാറിനകത്ത്‌ ഉണ്ടാകുമെന്ന്‌ ബ്രിന്‍ഡയും കരുതി.എന്നാല്‍ പോലീസ്‌ കാര്യങ്ങള്‍ വിശദീകരിച്ചപ്പോഴാണ്‌ സംഭവത്തിന്‌ ഗൗരവം ഇവര്‍ക്ക്‌ മനസ്സിലായത്‌. വിദേശത്തേക്ക്‌ പോകാനുള്ള തിരക്കിനിടയില്‍ അമലും ഭാര്യ ബ്രിന്‍ഡയും കൂടി രാത്രി 9:30 ഓടെ പിറവം പോലീസ്‌ സ്‌റ്റേഷനില്‍ എത്തി ഈ സമയം അങ്കണവാടി അധ്യാപിക സുധ സി..കെയും എത്തി. പോലീസിന്റെ സാന്നിധ്യത്തില്‍ ഒന്നര പവന്‍ തൂക്കം വരുന്ന രണ്ട്‌ സ്വര്‍ണ്ണ വളകളും ബാഗും സുധ കൈമാറി.നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അമലും ബ്രിന്‍ഡയും വീട്ടിലെത്തുമ്ബോള്‍ തന്റെ സ്വര്‍ണ്ണവളകള്‍ നഷ്‌ടപ്പെട്ടത്‌ അറിയാതെ നിഷ്‌കളങ്കമായ ചിരിയോടെ കാത്തിരിക്കുകയായിരുന്നു രണ്ട്‌ വയസുള്ള മകള്‍ ഒലിവ്‌ ഖത്തറില്‍ എഞ്ചിനിയറായ അമല്‍ ഇന്നലെ തിരികെ പോയി.എസ്‌.ഐ മാരായ എന്‍.പി ബിജു, ഷാജിമോന്‍, സത്യപ്രസാദ്‌, എ.എസ്‌. ഐ സതീഷ്‌, സി.പി.ഓ രൂപേഷ്‌, അഭിലാഷ്‌ മണി എന്നിവര്‍ അന്വേഷണത്തിന്‌ നേതൃത്വം നല്‍കി.

സുഭാഷ്‌ ആരക്കുന്നം

Prev Post

കൂത്താട്ടുകുളം-പാലാ റോഡില്‍ മാരുതി ജംഗ്ഷനില്‍ കാർ നിയന്ത്രണം വിട്ട് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു…

Next Post

പിറവം – പെരുവാംമൂഴി റോഡിന്റെ നിര്‍മ്മാണം പുനരാരംഭിക്കാൻ അവലോകന യോഗം     …

post-bars