Back To Top

December 11, 2023

മണികണ്ഠൻ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിച്ചു തുടങ്ങി.

പാലക്കുഴ : പഞ്ചായത്തിലെ മണികണ്ഠൻ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിച്ചു തുടങ്ങി. നിരന്തര അപകടങ്ങളെ തുടർന്നാണ് പാലത്തിന്റെ ഇരുവശങ്ങളിലും ഉള്ള കൈവരികൾ തകർന്നത്.

 

കൂത്താട്ടുകുളം – മൂവാറ്റുപുഴ എംസി റോഡിന് സമാന്തരമായ ബൈപ്പാസ് റോഡ് ആണ് ഇത്. കൂത്താട്ടുകുളം – പണ്ടപ്പിള്ളി – ആരക്കുഴ വഴി മൂവാറ്റുപുഴയ്ക്കുള്ള ഈ റോഡിൽ താരസമ്മേനെ തിരക്ക് കുറവും ദൂരക്കുറവും ഉണ്ട്. ഇതുകൊണ്ടുതന്നെ ബിഎംബിസി നിലവാരത്തിലുള്ള ഈ റോഡ് യാത്രക്കായി നിരവധി ആളുകളാണ് ഉപയോഗിക്കുന്നത്.

 

 

16 കോടി രൂപ മുടക്കി സമീപകാലത്ത് ഈ റോഡിന്റെ നിർമ്മാണം പൂർത്തിയായത്. വാഹനങ്ങൾ ഏറ്റവും കൂടുതൽ അപകടത്തിൽപെടുന്ന ഭാഗമാണ് സോഫിയ ജംഗ്ഷനും സമീപമുള്ള മണികണ്ഠൻ പാലം.

 

വീതി കൂടിയ റോഡ് പാലത്തിലെത്തുമ്പോൾ

വീതി കുറഞ്ഞ് പാലം ചുരുങ്ങുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്. റോഡിൻ്റെ പുനർനിർമാണത്തിനുശേഷം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. പാലത്തിൻ്റെ ഇരു വശങ്ങളിൽ നിന്നും അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്ന സാഹചര്യവും ഇവിടെയുണ്ട്.

 

മുമ്പേ പോകുന്ന വാഹനം പാലത്തിൻ്റെ വീതി കുറവ് കാണുമ്പോൾ ബ്രേക്ക് ചെയ്യുന്ന അവസ്ഥയിൽ പിന്നിൽ വരുന്ന വാഹനം ഇടിക്കുകയും ഇതിൻ്റെ ആഘാതത്തിൽ വാഹനം തോട്ടിലേക്ക് മറിയുകയും ചെയ്ത സംഭവങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

 

 

ആറു പതിറ്റാണ്ടിലേറെ പഴക്കമുള്ള ഈ പാലം പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലം പുനർനിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

 

ഇതിന്റെ ആദ്യപടിയായി പാലത്തിന്റെ പുനർനിർമാണമായി ബന്ധപ്പെട്ട പഠനം നടത്തും. ഇതിനായി ഒന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സോയിൽ ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. പഠനം പൂർത്തിയാകുന്ന മുറയ്ക്ക് പുതിയ പാലം നിർമ്മിക്കും.

 

 

എന്നാൽ പുതിയ പാലത്തിന്റെ നിർമ്മാണം വരെ കാത്തിരിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ ഇവിടെയുള്ളത്. ദിവസവും ചെറുതും വലുതുമായ അപകടങ്ങൾ ഉണ്ടാകുന്ന ഇവിടെ താൽക്കാലിക പരിഹാരമായി ആണ് തകർന്ന കൈവരികൾ പുനർ നിർമ്മിക്കുന്നത്.

 

ഇതോടൊപ്പം തന്നെ പാലത്തിന്റെ ഇരുവശങ്ങളിലും അപായസൂചക ലൈറ്റുകളും സ്ഥാപിക്കും. പാലത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ ഉള്ള ക്രമീകരണങ്ങളും ഇതോടൊപ്പം പൂർത്തിയാകും.

 

 

ഫോട്ടോ : പാലക്കുഴ പഞ്ചായത്തിലെ മണികണ്ഠൻ പാലത്തിന്റെ തകർന്ന കൈവരികൾ പുനർനിർമ്മിക്കുന്നു.

Prev Post

ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന പിണറായി സർക്കാരിനും പോലീസിനും എതിരെ പിറവത്ത്‌ പോലീസ് സ്റ്റേഷൻ…

Next Post

പാഴൂർ കൊച്ചു പൈറ്റാട്ട് ദേവകിയമ്മ (102 ) നിര്യാതയായി.

post-bars