കൂത്താട്ടുകുളം-പാലാ റോഡ് അടുത്തമാസം പൊതുഗതാഗതത്തിനായി തുറന്നു നല്‍കും
കൂത്താട്ടുകുളം: കൂത്താട്ടുകുളം-പാലാ റോഡ് അടുത്തമാസം പൊതുഗതാഗതത്തിനായി തുറന്നു നല്‍കും. മംഗലത്ത് താഴത്ത് നിർമാണം പുരോഗമിക്കുന്ന കലുങ്കിന്‍റെ നിർമാണ പ്രവർത്തനങ്ങളും മംഗലത്തുതാഴം മുതല്‍ രാമപുരം കവല വരെയുള്ള ഭാഗത്തെ റോഡ് അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഒക്‌ടോബറില്‍ ഗതാഗത്തിനായി തുറന്നു നല്‍കുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു.നിലവില്‍ മംഗലത്ത് താഴത്ത് നിർമാണം പുരോഗമിക്കുന്ന കലുങ്കിന്‍റെ ബെഡ് കോണ്‍ക്രീറ്റിംഗ് പൂർത്തീകരിച്ചു കഴിഞ്ഞു. സൈഡ് വാള്‍ വർക്കിന് ശേഷം ശനിയാഴ്ചയോടെ പ്രധാന സ്ലാബിന്‍റെ കോണ്‍ക്രീറ്റിംഗ് പൂർത്തീകരിക്കാൻ കഴിയും. കോണ്‍ക്രീറ്റിംഗിനു ശേഷം ക്യൂറിംഗ് കാലാവധിക്ക് പിന്നാലെ പ്രാഥമിക പരിശോധന നടത്തും. ഇതിനുശേഷമാകും ഗതാഗതത്തിന് തുറന്നു നല്‍കുക.
നിലവിലെ നിർമാണ പ്രവർത്തനങ്ങള്‍ വിലയിരുത്തുന്നതിനായി നഗരസഭാ ചെയർപേഴ്സണ്‍ കലാ രാജു, വൈസ് ചെയർമാൻ പി.ജി. സുനില്‍കുമാർ, കൗണ്‍സിലർമാരായ ബോബൻ വർഗീസ്, സിബി കൊട്ടാരം, പി.സി. ഭാസ്കരൻ, സി.എ. തങ്കച്ചൻ എന്നിവർ സ്ഥലത്ത് എത്തി.
