കർണാടകയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സഹായധനവുമായി കർണാടക മന്ത്രി രാമമംഗലത്ത്
പിറവം : വിനോദ സഞ്ചാരത്തിനിടെ കർണാടകയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സഹായധനവുമായി കർണാടക മന്ത്രി രാമമംഗലത്ത് എത്തി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള യാത്രക്കിടെ കഴിഞ്ഞ ഏപ്രിൽ 29 ന് ബെംഗളൂരു ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയുടെ മതിൽ ഇടിഞ്ഞുവീണ് ആണ് കിഴുമുറി തേക്കെയിറമ്പിൽ സ്മിത രഘു(49), കൊട്ടാരത്തു മനക്കുടിയിൽ കെ.കെ.ലത (59) എന്നിവർ മരിച്ചത്. അപകടത്തിൽ രാമമംഗലം സ്വദേശികളായ പ്രീതി രാജു (51), മായാ മണികണ്ഠൻ( 51), സിജി അനിൽ (45) എന്നിവർക്ക് പരുക്കേറ്റു. ഇവർക്കുള്ള ധനസഹായവുമായാണ് കർണ്ണാടക പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ രാമമംഗലത്ത് എത്തിയത്. ശിവാജി നഗറി ൽ പെയ്ത ശക്തമായ മഴയെ തുടർന്നു സമീപത്തു വലിച്ചു കെട്ടിയിരുന്ന ടാർപോളിൻ്റെ അടിയിൽ അഭയം തേടിയവരാണ് അപകടത്തിൽപെട്ടത്. വഴിയോര കച്ചവടക്കാർ ഉൾപ്പെടെ 7 പേർ മരണപ്പെട്ടിരുന്നു. സാരമായി പരുക്കേറ്റ സിജി അനിൽ ബെംഗളൂരുവിൽ ഇപ്പോഴും ചികിത്സയിലാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാരിന്റെ വകയായി 5 ലക്ഷം രൂപയും, മന്ത്രിയുടെ സ്വന്തം നിലയിൽ 5 ലക്ഷവും ഉൾപ്പടെ 10 ലക്ഷം രൂപയാണ് നൽകിയത്. കൂടാതെ പരുക്കേറ്റവർക്ക് സർക്കാരിന്റെ 1 ലക്ഷം രൂപയ്ക്ക് പുറമെ മന്ത്രിയുടെ 1 ലക്ഷം വീതവും നൽകി. മരിച്ച സ്മിതയുടെ കിഴുമുറിയിലെ വീട്ടിലെത്തിയ മന്ത്രി തുകയുടെ ചെക്ക് ഭർത്താവ് രഘുവിന് കൈമാറി. തുടർന്ന് മരിച്ച ലതയുടെയും, പരിക്കേറ്റവരുടെയും ബന്ധുക്കൾക്കും ഇവിടെവച്ചു തന്നെ ചെക്ക് കൈമാറി. ഡിസിസി അംഗം വിൽസൺ കെ ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, വൈസ് പ്രസിഡൻ്റ് എൻ.ആർ. ശ്രീനിവാസൻ, അംഗങ്ങളായ ജയിംസ് കെ.മാത്യു, യു.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജേക്കബ് ഫിലിപ്, സ്മിത എൽദോസ്, രാഷ്ട്രിയ കക്ഷി പ്രതിനിധികളായ ഷാജു ഇലഞ്ഞിമറ്റം, ബോബി അച്യുതൻ തുടങ്ങിയവർ മന്ത്രിക്കൊപ്പം എത്തിയിരുന്നു.
ചിത്രം : കർണാടകയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് സഹായധനവുമായി കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ രാമമംഗലത്ത് എത്തി ചെക്ക് കൈമാറുന്നു.
