അപകടാവസ്ഥയിൽ നിലനിന്ന വാട്ടർ ടാങ്ക് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി
കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ വടയാമ്പാത്ത് മലയ്ക്ക് സമീപം ഏതു നിമിഷവും നിലംപൊത്താവുന്ന വിധം അപകടാവസ്ഥയിൽ നിലനിന്ന വാട്ടർ ടാങ്ക് പുത്തൻകുരിശ് പഞ്ചായത്ത് അധികൃതർ ഇടപെട്ട് പൊളിച്ചുനീക്കി. ജനവാസ മേഖലയായ ഇവിടെ സമീപവാസികൾക്ക് പേടിസ്വപ്നമായി കഴിഞ്ഞ എട്ടു വർഷമായി നിന്ന ടാങ്കാണ് പൊളിച്ചത്. പഞ്ചായത്തിന്റെ വിവിധ മേഖലകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനാണ് ഉയർന്ന പ്രദേശമായ വടയാമ്പാത്ത് മലയിൽ ടാങ്ക് സ്ഥാപിച്ചത്. 1983-84 കാലഘട്ടത്തിൽ കേരള വാട്ടർ അതോറിറ്റി പട്ടിമറ്റം ഡിവിഷന്റെ കീഴിൽ നിർമ്മിച്ച ഈ ടാങ്കിന് രണ്ട് ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടായിരുന്നു. എന്നാൽ ചോർച്ചയും ബലക്ഷയവും മൂലം 2018 മുതൽ ടാങ്ക് ഉപയോഗശൂന്യമായി.
ഏതുസമയത്തും തകർന്നുവീഴാവുന്ന അവസ്ഥയിലായിരുന്നതിനാൽ നാട്ടുകാർ ഏറെ ആശങ്കയിലായിരുന്നു. സമീപത്ത് പുത്തൻകുരിശ് – കരിമുകൾ റോഡും പഞ്ചായത്ത് റോഡും സ്ഥിതി ചെയ്യുന്നതിനാൽ ടാങ്ക് തകർന്നുവീണാൽ വലിയ ദുരന്തത്തിന് ഇടയാക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഇതേത്തുടർന്ന് വാർഡ് അംഗം വിഷയം ഗ്രാമപഞ്ചായത്ത് യോഗത്തിൽ ഉന്നയിക്കുകയും, ടാങ്ക് അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റിയിൽ വിഷയമെത്തിയതോടെ അടിയന്തരമായി പൊളിച്ചുനീക്കാൻ പ്രസിഡന്റ് റെജി തോമസ് നിർദ്ദേശം നൽകി. തുടർന്നാണ് കേരള വാട്ടർ അതോറിറ്റി നടപടി സ്വീകരിച്ച് ടാങ്ക് പൊളിച്ചുമാറ്റിയത്. വർഷങ്ങളായുള്ള ജനങ്ങളുടെ ആശങ്കയ്ക്ക് ഇതോടെ വിരാമമായി. സമീപ മേഖലകൾക്ക് മുഴുവൻ സുരക്ഷയും ഒരുക്കിയ ശേഷമാണ് ടാങ്ക് പൊളിച്ചത്. പൊതുസുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ ഏകോപിപ്പിച്ച് പഞ്ചായത്ത് ഭരണസമിതി നടത്തിയ നീക്കമാണ് വിജയത്തിലെത്തിയതെന്ന് പ്രസിഡന്റ് അറിയിച്ചു.
