ആലപ്പുഴ – മധുര സംസ്ഥാന പാതയില്‍ മുത്തോലപുരത്ത് ഉണങ്ങി നില്‍ക്കുന്ന കൂറ്റൻ മാവ് അപകട ഭീഷണി ഉയർത്തുന്നു
ഇലഞ്ഞി: ആലപ്പുഴ – മധുര സംസ്ഥാന പാതയില്‍ മുത്തോലപുരത്ത് ഉണങ്ങി നില്‍ക്കുന്ന കൂറ്റൻ മാവ് അപകട ഭീഷണി ഉയർത്തുന്നു.ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന തലയോലപ്പറമ്ബ് – കൂത്താട്ടുകുളം റോഡില്‍ ചക്കാലപ്പാറ കുളത്തിനു സമീപമാണ് മരം മുഴുവനായും ഉണങ്ങി യാത്രക്കാരുടെ ജീവന് അപകടഭീഷണിയായി നില്‍ക്കുന്നത്.
കഴിഞ്ഞദിവസം ഈ മാവിന്റെ ഒരു ശിഖരം ഒടിഞ്ഞുവീണപ്പോള്‍ തല നാരിഴക്കാണ് ബൈക്ക് യാത്രികനും കുടുംബവും രക്ഷപ്പെട്ടത്. സ്കൂള്‍ വാഹനങ്ങള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഈ റോഡില്‍ ഇടതടവില്ലാതെ വാഹനങ്ങളുടെ നീണ്ട നിരയാണ് മിക്കപ്പോഴും കാണപ്പെടുന്നത്.ഇടിമിന്നലേറ്റതിനെ തുടർന്നാണ് മാവ് ഉണങ്ങി തുടങ്ങിയതെന്നാണ് നാട്ടുകാർ പറയുന്നത്. അപകട ഭീഷണി ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കും പിഡബ്ല്യുഡി അധികൃതർക്കും പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ അറിയിച്ചു.
