44 വർഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് പാർട്ടികള്‍ നേർക്കുനേർ ഏറ്റുമുട്ടിയ കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം
കോട്ടയം : 44 വർഷത്തിന് ശേഷം കേരള കോണ്‍ഗ്രസ് പാർട്ടികള്‍ നേർക്കുനേർ ഏറ്റുമുട്ടിയ കോട്ടയം ലോക്സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനും ജോസഫ് വിഭാഗത്തിനും ആധികാരിക വിജയം.കോണ്‍ഗ്രസിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തില്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തതോടെ യു.ഡി.എഫ് വിജയം അനായാസമായി.
ഒടുവിലത്തെ കണക്ക് പ്രകാരം ഫ്രാൻസിസ് ജോർജിന്റെ ഭൂരിപക്ഷം 80286 വോട്ട് ആണ്. ഫ്രാൻസിസ് 332777ഉം തോമസ് ചാഴിക്കാടനും 252491 വോട്ടും തുഷാർ വെള്ളാപ്പള്ളി 151417 വോട്ടും നേടി. 2019ല്‍ 1,06,259 ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാർഥി വി.എൻ. വാസവൻ 3,14,787 വോട്ടും പി.സി. തോമസ് (എൻ.ഡി.എ) 1,06,259 വോട്ടും നേടിയിരുന്നു. ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചിലും യു.ഡി.എഫിനുള്ള സ്വാധീനമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന് അനുകൂലമായ ഒരു ഘടകം. കോട്ടയം, പിറവം, പുതുപ്പള്ളി, കടുത്തുരുത്തി, പാലാ യു.ഡി.എഫിന്റെയും ഏറ്റുമാനൂർ, വൈക്കം മണ്ഡലങ്ങള്‍ എല്‍.ഡി.എഫിന്റെയും കൈവശമുള്ള നിയമസഭ മണ്ഡലങ്ങള്‍.
ക്രിസ്ത്യൻ, നായർ, ഈഴവ വോട്ടുകള്‍ നിർണായകമായ മണ്ഡലത്തില്‍ സമുദായ വോട്ടുകളും യു.ഡി.എഫിന് അനുകൂലമായി. ക്രിസ്ത്യാനികള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ഫ്രാൻസിസ് ജോർജിന് സഭകളുമായുള്ള ബന്ധം ഗുണമാകുമെന്ന യു.ഡി.എഫ് വിലയിരുത്തലും ശരിയായി. പുരുഷൻമാരേക്കാള് 40,000ത്തോളം വരുന്ന സ്ത്രീവോട്ടർമാരും തെരഞ്ഞെടുപ്പില്‍ നിർണയ ഘടകമായിരുന്നു.
