രാസവളങ്ങളുടെ വില കുതിച്ചുയരുന്നു ; കർഷകർ ദുരിതത്തിൽ
പിറവം : രാജ്യത്ത് കർഷകരുടെ നട്ടെല്ലൊടിച്ചുകൊണ്ട് രാസവളത്തിന്റെ വിലക്കയറ്റം സകല സീമകൾ ലംഘിച്ചുകൊണ്ട് മുന്നേറുന്നു. ഉൽപ്പന്നങ്ങൾക്ക് വിലയില്ലായ്മ മൂലം നഷ്ടപ്പെടുന്ന കർഷകന് കൂനിന്മേൽ കുരു എന്നതുപോലെ ആയിരിക്കുന്നു വളത്തിന്റെ ഈ വില.ക്കയറ്റം. മാസങ്ങൾക്ക് മുമ്പ് ഒരു കിലോയ്ക്ക് 34ഉം ചാക്കിന് 1700 രൂപയും ഉണ്ടായിരുന്ന പൊട്ടാഷ് ഇന്ന് വില കയറി കിലോ 44ഉം ചാക്കിന് 2200 രൂപയുമായി മാറിയിരിക്കുന്നു. ഏതാനും നാളുകൾക്ക് മുമ്പ് 50 കിലോ ഫാക്റ്റം ഫോസിന്റെ വില ചാക്കിന് 1525 രൂപയായിരുന്നു. എന്നാൽ ഇന്ന് ഇത് ചാക്കിന് 2300 രൂപയായി വർദ്ധിച്ചിരിക്കുന്നു. തന്നെയുമല്ല പൊട്ടാഷിന്റെ വില ക്രമാതീതമായി വർദ്ധിക്കുമ്പോൾ എൻ.പി.കെ മിക്സർ, കോംപ്ലക്സ് വളങ്ങളുടെ വിലയും വർദ്ധിക്കും. കാരണം ഇതിന്റെ എല്ലാം പ്രധാനപ്പെട്ട ചേരുവ പൊട്ടാഷ് ആണ്. ഈ തീ പിടിച്ച വിലവർധനവിൽ സംസ്ഥാന സർക്കാരും കൃഷിവകുപ്പും സംസ്ഥാന കൃഷി മന്ത്രിയും മൗനത്തിലാണ്. അടിയന്തരമായി വിലകുറച്ച് കർഷകരുടെ ദുരിതത്തിന് അറുതി വരുത്തണമെന്ന് കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു ചേന്നാട്ട് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
