മാലിന്യ നിറഞ്ഞ ടൗൺ തോട് നാടിന് ശാപം ആകുന്നു.
കൂത്താട്ടുകുളം : മാലിന്യ നിറഞ്ഞ ടൗൺ തോട് നാടിന് ശാപം ആകുന്നു. കൂത്താട്ടുകുളം ടൗണിന്റെ ഹൃദയഭാഗത്തുകൂടി കടന്നു പോകുന്ന ടൗൺ തോടാണ് മാലിന്യം നിറഞ്ഞ് ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ ഉള്ളത്. സെൻട്രൽ ജംഗ്ഷനിലെ ടൗൺ പാലം മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് വരെയും കെഎസ്ആർടിസി സബ് ഡിപ്പോയ്ക്ക് സമീപമുള്ള കേബിൾ ഭവൻ കെട്ടിടത്തിന്റെ ഭാഗത്തുമാണ് തോട് കൂടുതലായി മലിനപ്പെട്ടിരിക്കുന്നത്.
തോടിനു സമീപമുള്ള വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ തോട്ടിലേക്ക് നിക്ഷേപിക്കുന്നത് ഈ അവസ്ഥയ്ക്ക് കാരണം. വേനൽ ചൂട് കടിച്ചതോടെ തോട്ടിലെ നീരൊഴുക്കും ക്രമാതീതമായി കുറഞ്ഞു. ഇതോടെ തോട്ടിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ പല സ്ഥലങ്ങളിലായി കെട്ടിക്കിടക്കുന്ന അവസ്ഥയാണ് ഉള്ളത്.
താമസസ്ഥലങ്ങളിൽ നിന്നുള്ള അടുക്കള മാലിന്യത്തിന് പുറമേ ശുചിമുറി മാലിന്യവും തോട്ടിലേക്ക് തന്നെയാണ് ഒഴുകുന്നത്.ദിവസേന നിരവധി യാത്രക്കാർ കടന്നുപോകുന്ന നടപ്പുറം ബൈപ്പാസ് റോഡിലൂടെ മൂക്കുപൊത്തിയാണ് യാത്രക്കാർ കടന്നുപോകുന്നത്.
കൂത്താട്ടുകുളം നിവാസികളെ സംബന്ധിച്ച് ഇതൊരു പുതിയ കാഴ്ചയും പുതിയ വാർത്തയും അല്ല.
ഭരണം ഏതു തന്നെയായാലും ടൗൺ തോഡിന്റെ അവസ്ഥ ഇതുതന്നെയാണ്. മാറി മാറി ഭരിച്ച കാലയളവിൽ പലതരത്തിലുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെ ശാശ്വതമായ ഒരു പരിഹാരം കണ്ടെത്താൻ ഒരു ഭരണകർത്താക്കൾക്കും ആയിട്ടില്ല.
കൂത്താട്ടുകുളത്തെ വ്യാപാരികൾ കൈകോർത്ത് മർച്ചന്റ്സ് അസോസിയേഷന്റെ സഹായത്തോടെ നടന്ന തോട് ശുചീകരണ പ്രവർത്തനങ്ങൾ മാത്രമാണ് മാതൃകാപരമായി ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഒന്ന്.
മറ്റ് ശുചീകരണ പ്രവർത്തനങ്ങൾ പേരിന് മാത്രം നടന്നപ്പോൾ വ്യാപാരികളാണ് ചങ്കൂറ്റത്തോടെ അസോസിയേഷന്റെ പണം മുടക്കി
തോടിന് ആഴം കൂട്ടി നീരൊഴുക്ക് സുഖമാക്കിയത്. പിന്നീട് ആ പദ്ധതി
നഗരസഭ ഏറ്റെടുക്കുകയും കെ എൽ ഡി സി യുടെ ഉൾപ്പെടെയുള്ള ഫണ്ട് ഉപയോഗിച്ച് തോടിന്റെ വശങ്ങൾ കെട്ടി വൃത്തിയാക്കുകയും ചെയ്തിരുന്നു.
പിന്നീടുള്ള കാലഘട്ടങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ടൗൺ പാലം മുതൽ ബസ് സ്റ്റാൻഡ് വരെയുള്ള ഭാഗം എല്ലാ കാലയളവിലും ഒരേ അവസ്ഥയിൽ തന്നെയാണ്. ആന്ധ്രക്സ് പോലുള്ള മാരക രോഗങ്ങൾ ആദ്യമായി പൊട്ടിപ്പുറപ്പെട്ടതും ഈ തോട്ടിൽ നിന്ന് തന്നെയാണ്. നഗ്നനേത്രം കൊണ്ട് കാണാൻ കഴിയുന്ന തരത്തിലാണ്
തോടിന്റെ പല ഭാഗത്തും ശുചിമുറി മാലിന് ഒഴുകി നടക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ
ഉണ്ടാവാൻ സാധ്യതയുള്ള ഈ അവസ്ഥയെക്കുറിച്ച് പത്ര ദൃശ്യ മാധ്യമങ്ങൾ മാറി മാറി റിപ്പോർട്ട് ചെയ്തിരുന്നു. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ നോക്കുകയാണ് വേണ്ടതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഈ വാചകങ്ങൾ കേട്ട ശേഷം ഈ കാഴ്ചകളെ എങ്ങനെ ന്യായീകരിക്കാൻ കഴിയും എന്നാണ് പൊതുജനം ചോദിക്കുന്നത്.
ഫോട്ടോ : മാലിന്യം നിറഞ്ഞ കൂത്താട്ടുകുളം ടൗൺ തോട്
