Back To Top

May 23, 2024

കാരക്കാട്ട് മലയിലെ അനധികൃത മണ്ണെടുപ്പു നടത്തുന്നു എന്ന പരാതി സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്ത നിവാരണം ജില്ലാ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു

തിരുമാറാടി : കാരക്കാട്ട് മലയിലെ അനധികൃത മണ്ണെടുപ്പു നടത്തുന്നു എന്ന പരാതി സംബന്ധിച്ച് ഹൈക്കോടതി നിർദ്ദേശപ്രകാരം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്ത നിവാരണം ജില്ലാ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ 10. 30 ന് ഡെപ്യൂട്ടി കളക്ടർ കാരക്കാട്ട് മല സന്ദർശിക്കുന്നു എന്ന് കാട്ടി തിരുമാറാടി പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ , മണ്ണെടുപ്പ് നടത്തിവന്നിരുന്ന ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ ചെയർമാൻ എന്നിവർക്ക് രേഖാമൂലം ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു. അത് അനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യമോൾ പ്രകാശ് , ജനപ്രതിനിധികൾ, പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ, നാട്ടുകാർ, തുടങ്ങിയവർ ഡെപ്യൂട്ടി കളക്ടറെ കാത്ത് രാവിലെ 11.30 വരെ നിന്നു. തുടർച്ചയായി ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിൽ അന്വേഷിച്ചെങ്കിലും ഫോൺ എടുത്തില്ല. 11.45 ഓടെ ഫോൺ എടുക്കുകയും ഡെപ്യൂട്ടി കളക്ടർ കാരക്കാട്ടുമല സന്ദർശനം റദ്ദ് ചെയ്തതായി ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചു. എന്തുകൊണ്ട് നേരത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് പഞ്ചായത്ത് പ്രസിഡന്റ്, വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, എന്നിവരുടെ നമ്പറുകൾ അറിയില്ലായിരുന്നു എന്ന് വിചിത്രമായ ന്യായമാണ് ഓഫീസിൽ നിന്ന് ലഭിച്ചത്. എന്നാൽ മണ്ണെടുപ്പുകാരനായ ആർ യു ഫൗണ്ടേഷൻ ചെയർമാനെ ഡെപ്യൂട്ടി കളക്ടർ വരില്ല എന്ന് വിവരം ഇതേ ഓഫീസിൽ നിന്നും മുൻകൂട്ടി വിളിച്ചറിയിച്ചിരുന്നു. പഞ്ചായത്തിലെ പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അനധികൃത മണ്ണെടുപ്പ് തടയണമെന്ന ആവശ്യപ്പെട്ടുകൊണ്ട് പഞ്ചായത്ത് കമ്മറ്റി റെസലൂഷൻ പാസാക്കി മൈനിങ് ആൻഡ് ജിയോളജി ഡയറക്ടർ തിരുവനന്തപുരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഡയറക്ടർ യാതൊരു കാരണവശാലും മണ്ണെടുപ്പ് അനുവദിക്കില്ല എന്ന് രേഖാമൂലമായ കത്ത് നൽകിയിരുന്നു.

 

ഇതിനെതിരെയാണ് ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ ചെയർമാൻ ഹൈ കോടതിയെ സമീപിക്കുകയും കോടതി ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ഡെപ്യൂട്ടി കളക്ടറോട് ആവശ്യപ്പെടുകയും ആയിരുന്നു.

 

സന്ദർശനം സംബന്ധിച്ച് പരാതിക്കാരനെ മാത്രം വിവരമറിയിക്കുകയും സർക്കാർ സംവിധാനത്തിന്റെ ഭാഗമായ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ , എ ഇ .എൽ എസ് ജി ഡി , എന്നിവരെ അറിയിച്ചില്ല. ഇതിനെതിരെ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

 

 

************

 

അനധികൃത ഖനനം അനുവദിക്കില്ല . യുഡിഎഫ് നേതൃത്വം അറിയിച്ചു.

 

കാരക്കാട്ട് മലയിൽ അനധികൃത ഖനനം നടത്തുന്നവർക്ക് അനുകൂലമായി ഉദ്യോഗസ്ഥർ നിലപാട് സ്വീകരിക്കുന്നതിനെതിരെ റവന്യൂ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും യാതൊരു കാരണവശാലും അനധികൃത മണ്ണെടുപ്പ് അനുവദിക്കില്ല എന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം അറിയിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ ബേബി, പഞ്ചായത്ത് അംഗങ്ങളായ നെവിൻ ജോർജ്, സുനി ജോൺസൺ, ആദിരാ സുമേഷ്, ബീന ഏലിയാമ്മ, എം.ഡി.അജി എന്നിവർ പ്രസംഗിച്ചു.

 

ഫോട്ടോ : അനധികൃത മണ്ണെടുപ്പ് നടക്കുന്ന തിരുമാറാടിയിലെ കാരക്കാട്ടുമലയിൽ പഞ്ചായത്ത് പ്രസിഡന്റും പൊതുജനങ്ങളും ഡെപ്യൂട്ടി കളക്ടറുടെ വരവ് കാത്തു നിൽക്കുന്നു.

Prev Post

പാമ്പാക്കുട പഞ്ചായത്ത്‌ പ്രദേശമായ ചെട്ടിക്കണ്ടത്ത് മലയിടിച്ച് മണ്ണെടുത്ത് വികൃതമാക്കിയ ഭൂമിയിൽ നിന്നും മഴ…

Next Post

മാമ്മലശ്ശേരി കുഴുപ്പിള്ളിൽ വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് 84 നിര്യാതയായി.

post-bars