Back To Top

April 12, 2024

നഗരത്തിൽ അപകടങ്ങൾ പതിവാകുന്നു. ദിവസവും ഒരു അപകടം എന്ന നിലയിലാണ് നടക്കുന്നത്. 

കൂത്താട്ടുകുളം : നഗരത്തിൽ അപകടങ്ങൾ പതിവാകുന്നു. ദിവസവും ഒരു അപകടം എന്ന നിലയിലാണ് നടക്കുന്നത്.

തിരക്കേറിയ റോഡിലെ അപകടങ്ങളുടെ കാരണം തേടി പോലീസ് വട്ടം ചുറ്റുകയാണ്. ദൃക്സാക്ഷി വിവരണത്തിന്റെയും ഊഹഭഗങ്ങളുടെയും അടിസ്ഥാനത്തിലാണ് പല അപകടങ്ങളുടെയും കാരണങ്ങൾ കണ്ടെത്തുന്നത്.

 

നഗരത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുവാൻ ലക്ഷങ്ങൾ ചെലവഴിച്ചു വച്ചിരിക്കുന്ന ക്യാമറകളുടെ കീഴിലാണ് ഈ അപകടങ്ങൾ പലതും നടക്കുന്നത്.

ക്യാമറകൾ പ്രവർത്തിക്കായതോടെ അപകട ദൃശ്യങ്ങൾ കണ്ടെത്തുവാനായി പോലീസ് ടൗണിലെ സ്വകാര്യസ്ഥാപനങ്ങളിൽ കയറിയിറങ്ങുകയാണ്.

 

ഇന്നലെ രാവിലെ ജൂവൽ ജംഗ്ഷന് സമീപം വയോധികയെ ബൈക്ക് ഇടിച്ച സംഭവമാണ് അവസാനത്തേത്. റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്ന

തിരുമാറാടി പരിയപ്പനാൽ മേരി അഗസ്റ്റിൻ (62) നെ കിഴക്കോമ്പ് സ്വദേശി പൂനിലം സാബു (56) ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വയോധികയുടെ കാലിന് ഗുരുതരമായി പരിക്കേൽക്കുകയും കാൽപാദത്തിന് മുകളിലേക്ക് അറ്റുപോയ നിലയിലും ആയിരുന്നു. ചെറുവാഹനങ്ങളിൽ കയറ്റാൻ കഴിയാതെ വയോധിക ഏറെനേരം റോഡിൽ കിടന്നതിനുശേഷമാണ് ആംബുലൻസ് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.

 

കൃത്യസമയത്ത് തന്നെ പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും അപകടത്തെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കുകയും ചെയ്തു. എന്നാൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. ടൗണിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും പലതിലും അപകട ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല.

ഇനി അപകടത്തിൽ പരിക്കേറ്റവരുടെ മൊഴിയനുസരിച്ച് വേണം അപകടകാരണത്തിലേക്ക് എത്തുവാൻ.

 

കേവലം 3000 രൂപ ചെലവഴിച്ചാൽ പരിഹരിക്കപ്പെടേണ്ട വിഷയമാണ് ഇത്തരത്തിൽ കാലങ്ങളായി പരിഹരിക്കപ്പെടാതെ തുടരുന്നത്.

 

നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും

ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പകർത്തുന്നതിനായി 8 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ഏതാണ്ട് നാല് മാസത്തിലധികമായി ഈ ക്യാമറകളിൽ ഒന്നു പോലും പ്രവർത്തിക്കുന്നില്ല.

 

സെൻട്രൽ കവലയിലെ മീഡിയനുകളിലായി എഎൻപിആർ (ANPR) ക്യാമറയോടൊപ്പം 6 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്.

ഈ ക്യാമറകൾക്ക് പുറമെ മർച്ചന്റ്സ് അസോസിയേഷൻ രണ്ട് ക്യാമറകൾ കൂടി സ്പോൺസർ ചെയ്തിരുന്നു.

സ്പോൺസർഷിപ്പിലൂടെ ലഭിച്ച ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ മുതലാണ് പ്രശ്നങ്ങളുടെ തുടക്കം എന്നാണ്

ക്യാമറ മെയിന്റനൻസ് കരാർ ഏറ്റെടുത്തിരിക്കുന്ന പിറവം മോണിട്രോണിക്സ് പറയുന്നത്.

 

മൂന്നുവർഷത്തെ കരാറിൽ തുടരുന്ന സ്ഥാപനത്തിന്റെ അനുമതി ഇല്ലാതെ മറ്റൊരു സ്ഥാപനത്തിലെ ടെക്നീഷ്യന്മാർ എത്തി പുതിയ ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതേ തുടർന്ന് സിസിടിവി നെറ്റ്‌വർക്കിലെ മീഡിയ കൺവേർട്ടർ എന്ന ഉപകരണം കേടുവരികയായിരുന്നു എന്ന് കരാറുകാരൻ പറഞ്ഞു. കൂടാതെ കേടുവന്ന ഉപകരണം പുനസ്ഥാപിക്കാൻ ആയുള്ള പണം കരാറുകാരന്റെ സെക്യൂരിറ്റി തുകയിൽ നിന്ന് കണ്ടെത്തി. എന്നാൽ ഈ വിവരങ്ങൾ ഒന്നും തന്നെ അധികാരപ്പെട്ടവർ കരാറുകാരനെ അറിയിച്ചിട്ടില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.

 

കരാറുകാരൻ സ്ഥാപിച്ചിരുന്ന അഞ്ചുവർഷം വാറണ്ടിയുള്ള മീഡിയ കൺവേർട്ടറും നിലവിൽ കൺട്രോൾ റൂമിൽ ഇല്ല. പകരം മറ്റേതോ കമ്പനിയുടെ ഉപകരണമാണ് നിലവിൽ ഉള്ളത്.

 

നാലു മാസങ്ങൾക്കു മുമ്പ് കരാറുകാരൻ നടത്തിയ പരിശോധനയിൽ മീഡിയ കൺവെർട്ടറും അനുബന്ധ ഉപകരണങ്ങളും മാറിവച്ചാൽ സിസിടിവി ക്യാമറകൾ പൂർവസ്ഥിതിയിലാകും എന്നാണ്

കരാറുകാരൻ പറയുന്നത്. ഇതിന് ഏകദേശം 3000 രൂപയോളം ചിലവ് വരുമെന്നും അദ്ദേഹം പറഞ്ഞു.

 

നഗരസഭ പിടിച്ചു വച്ചിരിക്കുന്ന സെക്യൂരിറ്റി തുക തിരിച്ചു നൽകുകയും കേടുവന്ന ഉപകരണങ്ങൾ നന്നാക്കുവാനുള്ള പണം നൽകുകയും ചെയ്താൽ. മണിക്കൂറുകൾക്കുള്ളിൽ സിസിടിവി നന്നാക്കി നൽകാമെന്നാണ് കരാറുകാരൻ പറയുന്നത്.

 

ഈ വിവരങ്ങൾ ദീപിക നഗരസഭ ചെയർപേഴ്സൺ

വിജയ ശിവന്റെ ശ്രദ്ധയിൽ പെടുത്തുകയും. ചെയർപേഴ്സൺ ഉടനടി സംഭവത്തിൽ ഇടപ്പെട്ട് ഇന്ന് തന്നെ സിസിടിവി ക്യാമറകൾ

നന്നാക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളതായി അറിയിച്ചു.

 

 

ഫോട്ടോ : കൂത്താട്ടുകുളം ജൂവൽ ജംഗ്ഷനു സമീപം അപകടത്തിൽപ്പെട്ട വയോധികയെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്തിയപ്പോൾ

Prev Post

പാലക്കാട്ടു വീട്ടിൽ പി.കെ. തങ്കപ്പനാചാരി (84) നിര്യാതനായി.

Next Post

എക്സൈസ് നടത്തി പരിശോധനയിൽ മുത്തോലപുരം സ്വദേശിയുടെ വീട്ടിൽ നിന്നും 60 ലിറ്റർ വാഷ്…

post-bars