പിറവം നാലമ്പല ദര്‍ശനം: മന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു
പിറവം: നാലമ്പല ദര്‍ശനം മുന്നൊരുക്കത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും ക്ഷേത്രഭാരവാഹികളുടേയും അവലോകന യോഗം മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്നു.തീര്‍ഥാടനത്തിനു ഗതാഗതവും പാര്‍ക്കിംഗും സുഗമമാക്കാന്‍ ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പെരുവ- പെരുവംമൂഴി റോഡില്‍ പൊളിച്ചിട്ട കലുങ്കുകളുടെ പണി നടക്കുന്നതിനാല്‍, ഗതാഗതം ഒറ്റവരിയാക്കാന്‍ നിര്‍ദ്ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ തടസംകൂടാതെ കടന്നുപോകാന്‍ മുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കും. ഗതാഗതം നിയന്ത്രിക്കാന്‍ കരാറുകാരുടെ ചെലവില്‍ ജീവനക്കാരെ നിയോഗിക്കും. തീര്‍ഥാടന പാതകളിലെ കുഴികളെല്ലാം അടയ്ക്കും. പടവെട്ടിപ്പാലം 15 ദിവസത്തിനകം പൂര്‍ത്തിയാക്കി അടുത്തമാസം അവസാനത്തോടെ ഗതാഗതം തുടങ്ങുമെന്ന് കെ.എസ്.ടി.പി. പ്രതിനിധി യോഗത്തില്‍ അറിയിച്ചു. താഴ്ന്നു കിടക്കുന്ന കെ.എസ്.ഇ.ബി. ലൈനുകള്‍ വലിച്ചുകെട്ടാന്‍ നിര്‍ദ്ദേശം നല്‍കി. ഗതാഗതതടസമുണ്ടായാല്‍ ആവശ്യമെങ്കില്‍ ഇടറോഡിലൂടെ വാഹനങ്ങള്‍ വിടാനുള്ള ക്രമീകരണം ചെയ്യും. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി ഇത്തവണ വിവിധ ഡിപ്പോകളില്‍ നിന്ന് 150 ഓളം ബസുകള്‍ എത്തുന്നുണ്ട്. അവധിദിവസങ്ങളില്‍ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കും. ആംബുലന്‍സ് സര്‍വീസും ഉണ്ടാകും. തീര്‍ഥാടകര്‍ക്കു മെഡിക്കല്‍ സൗകര്യം ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിനു മന്ത്രി നിര്‍ദ്ദേശം നല്‍കി.
അടുത്തമാസം 17 മുതല്‍ ഓഗസ്റ്റ് 16 വരെയാണു നാലമ്പല ദര്‍ശനം. മാമലശേരി ശ്രീരാമ ക്ഷേത്രം, മേമുറി ഭരതപ്പിള്ളി ഭരതക്ഷേത്രം, മുളക്കുളം ലക്ഷ്മണ ക്ഷേത്രം, നെടുങ്ങോട് ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണു തീര്‍ഥാടന പാതയിലെ ക്ഷേത്രങ്ങള്‍.പിറവം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ അന്നമ്മ ഡോമി, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ജെസി രാജു, നാലമ്പല സമിതി പ്രസിഡന്റ് എന്‍. രഘുനാഥ്, സെക്രട്ടറി പി.പി. സുരേഷ്‌കുമാര്‍, പോലീസ്, ആരോഗ്യവകുപ്പ്, കെഎസ്ഇബി, പിഡബ്ല്യുഡി കെഎസ്ആര്‍ടിസി, ഫയര്‍ഫോഴ്‌സ്, പെരുവ- പെരുവംമൂഴി റോഡിന്റെ കരാര്‍ കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ചിത്രം : പിറവം നാലമ്പല ദര്‍ശനം മുന്നൊരുക്കത്തിന്റെ ഭാഗമായി മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോ
ഗം.
