പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കും
പിറവം : പാമ്പാക്കുട കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിന് ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിച്ചു. 5 തവണ അപേക്ഷ നൽകിയിട്ടും ചുവപ്പുനാടയിൽ കുടുങ്ങി കെട്ടിടം പൊളിക്കുന്നതിനുള്ള അനുമതി നിരാകരിക്കപ്പെടുകയായിരുന്നു. ജീർണാവസ്ഥയിലുള്ള കെട്ടിടം നീങ്ങുന്നതോടെ കൂടുതൽ സൗകര്യങ്ങളോടെ പുതിയ മന്ദിരം നിർമിക്കുന്നതിനുള്ള തയാറെടുപ്പിലാണു ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി. ജൂൺ 15നു 12നു കെട്ടിടം പൊളിക്കുന്നതിനുള്ള ലേലം നിശ്ചയിച്ചതായി പ്രസിഡൻറ് നെവിൻ ജോർജ് അറിയിച്ചു. അര നൂറ്റാണ്ടു മുൻപ് ആശുപത്രിയുടെ. ആരംഭ ഘട്ടത്തിൽ ഐ.പി വിഭാഗമായി പ്രവർത്തിച്ചിരുന്നതാണ് അപകടാവസ്ഥയിലുള്ള കെട്ടിടം. സമീപകാലത്ത് 5 കോടി രൂപ മുടക്കിൽ ഒപി വിഭാഗത്തിനു പുതിയ മന്ദിരം നിർമ്മിച്ചതോടെ പഴയ കെട്ടിടം ഉപയോഗ ശൂന്യമായി. ഭിത്തികൾ വിണ്ടു കീറിയ ജീർണാവസ്ഥയിലായ കെട്ടിടം രോഗികൾക്കു ഭീഷണിയാകുമെന്ന ഘട്ടത്തിലാണു പൊളിച്ചു നീക്കുന്നതിന് നീക്കം ആരംഭിച്ചത്. ഇതിനായി ആരോഗ്യ വകുപ്പ് നിശ്ചയിച്ച നടപടി ക്രമങ്ങൾ സങ്കീർണമായതോടെ കെട്ടിടം പൊളിക്കുന്നതിന് തടസ്സംനേരിടുകയായിരുന്നു. ടെൻഡർ നടപടികളിലെ സാങ്കേതിക കുരുക്കുകൾ ലഘൂകരിച്ചു ജീർണാവസ്ഥയിലുള്ള കെട്ടിടം നീക്കുന്നതിനുള്ള നടപടികൾ വേഗതയിലാക്കിയെന്ന് അധികൃതർ അറിയിച്ചു.
ചിത്രം : പാമ്പാക്കുട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ജീർണാവസ്ഥയിലുള്ള കെട്ടിടം.
