Back To Top

May 19, 2026

ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മന്ത്രി അനൂപ് ജേക്കബ്          

 

 

പിറവം : പിറവം നിയോജകമണ്ഡലത്തില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച വിവിധ പ്രദേശങ്ങള്‍ മന്ത്രി അനൂപ് ജേക്കബ് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ നേരിട്ട് കേട്ട മന്ത്രി, അടിയന്തര സഹായ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയോടൊപ്പം മണീട് , രാമമംഗലം, പാമ്പാക്കുട പഞ്ചായത്ത്‌ പ്രസിഡന്റുമാർ തുടങ്ങിയവര്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ, കടയന്നൂര്‍ താലൂക്കുകളിലായി നാശനഷ്ടം സംഭവിച്ച വിവിധ മേഖലകളെ സംബന്ധിച്ചുള്ള അവലോകന യോഗവും മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ദുരിതബാധിത പ്രദേശങ്ങളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ പുനഃസ്ഥാപനം, നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എന്നിവ യോഗത്തില്‍ ചര്‍ച്ചയായി.

തകർന്ന വൈദ്യുതി പോസ്റ്റുകൾ അടിയന്തരമായി മാറ്റി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വീടുകളിലും റോഡുകളിലും വീണ മരങ്ങള്‍ മുറിച്ചുമാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. പഞ്ചായത്തുതലത്തില്‍ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്നും ഭാഗികമായി തകര്‍ന്ന വീടുകളുടെ വിവരശേഖരണം പഞ്ചായത്തുകളുടെ സഹായത്തോടെ തുടരുകയാണെന്നും യോഗത്തില്‍ അറിയിച്ചു. കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കൃഷിനാശത്തിന്റെ കണക്കെടുപ്പും പുരോഗമിക്കുകയാണ്. ജാതി, കവുങ്ങ്, വാഴ തുടങ്ങി നിരവധി കൃഷികള്‍ക്ക് വ്യാപക നാശനഷ്ടം സംഭവിച്ചതായി വിലയിരുത്തി.

വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ബിനി ഷാജി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷിജി ബിജി, ഷീല ബാബു . ജെസ്സി രാജു , മൂവാറ്റുപുഴ ആര്‍.ഡി.ഒ പ്രേംജി, വൈദ്യുതി, വില്ലേജ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

ചിത്രം : കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച മണീടിലെ വിവിധ പ്രദേശങ്ങള്‍ മന്ത്രി അനൂപ് ജേക്കബ് സന്ദർശനം നടത്തുന്നു .

 

Prev Post

നിര്യാതനായി

Next Post

നിര്യാതയായി

post-bars