കോട്ടയത്തെ പഠന നഗരമാക്കാൻ യുനെസ്കോ അധികാരികളുമായി ചർച്ച നടത്തും. ഫ്രാൻസിസ് ജോർജ് എം.പി
പിറവം : അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം നഗരത്തെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടനയായ യുനസ്കോ അധികൃതരുമായി ചർച്ച നടത്താൻ പാരീസ് അംബാസഡറെ ചുമതലപ്പെടുത്തിയിട്ടുണ്ടന്ന് കേന്ദ്ര വിദ്യാഭ്യാസ മാനവ വിഭവ ശേഷി മന്തി ധർമ്മേന്ദ്ര പ്രധാൻ അറിയിച്ചതായി ഫ്രാൻസിസ് ജോർജ് എം.പി. പറഞ്ഞു. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കും കൂടുതൽ രേഖകൾ സമർപ്പിക്കുവാനുമായി എം.പി എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേന്ദ്ര മന്ത്രി ജോർജ് കുര്യനും ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു.
കോട്ടയം നഗരസഭക്കുവേണ്ടി ചെയർ പേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ആണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് അപേക്ഷ നൽകിയത്.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യും ഇക്കാര്യം കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ആജീവനാന്ത പഠനത്തെ പ്രോൽസാഹിപ്പിക്കുന്ന സാക്ഷരതാ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക രംഗത്തെ നേട്ടങ്ങൾ, പ്രസിദ്ധീകരണങ്ങൾ, എന്നിവ എല്ലാം വിലയിരുത്തിയാണ് പഠന നഗരമെന്ന ശ്രേണിയിൽ യുനസ്കോ നഗരങ്ങൾക്ക് പ്രത്യേക പദവി നൽകി ഉൾപ്പെടുത്തുന്നത്.
നൂറ് ശതമാനം സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ നഗരമായ കോട്ടയം “അക്ഷര നഗരി ” എന്ന പേരിൽ അറിയപ്പെടുന്നു.
മലയാളത്തിലെ ആദ്യ പത്രങ്ങളായ ദ്വീപിക,മനോരമ എന്നിവക്ക് തുടക്കം കുറിച്ച നഗരം, ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ, ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള കോട്ടയം പബ്ലിക് ലൈബ്രറി, എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുന്നതിനായി രൂപീകരിച്ച സാഹിത്യ പ്രവർത്തക സഹകരണ സംഘം, അക്ഷര മ്യൂസിയം എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ അപേക്ഷയിൽ ചേർത്തിട്ടുണ്ട്.
കോട്ടയത്തെ പുരാതന ദൈവാലയങ്ങൾ, നവോത്ഥാന നായകന്മാർ, യൂണിവേഴ്സിറ്റി, കോളജുകൾ, സ്കൂളുകൾ, കലാ കായിക മൽസരങ്ങൾ, എന്നിവയെ കുറിച്ചും അപേക്ഷയിൽ ചേർത്തിട്ടുണ്ട്
യുനെസ്കോ അംഗീകരിച്ച കൂടിയാട്ടം, മുടിയാട്ടം എന്നീ കോട്ടയത്തെ അനുഷ്ഠാനകലകളെ കുറിച്ചുള്ള വിവരങ്ങളും ഇതിൽ ഉണ്ട്.
ചിത്രം : കോട്ടയം നഗരത്തെ യുനസ്കോയുടെ ലോക പഠന നഗര ശൃംഖലയിൽ ഉൾപ്പെടുത്തുന്നതിനായുള്ള രേഖകൾ കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാന് ഫ്രാൻസിസ് ജോർജ് എം.പി സമർപ്പിക്കുന്നു
.
