ജനകീയ ന്യായ സഭ പിറവത്ത് പരാതിപ്പെട്ടി സ്ഥാപിച്ചു.
പിറവം: നീതിന്യായ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്താൻ കഴിയുന്ന ലളിതമായ പദ്ധതി പൊതുജന പരാതി പരിഹാര കോടതി ജനകീയ ന്യായ സഭ പിറവം നഗരസഭയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി പരാതിപ്പെട്ടി സ്ഥാപിച്ചു. പിറവം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എ.ബി ആനന്ദ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ അഡ്വ ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി സലിം മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ, ഏലിയാമ്മ ഫിലിപ്പ്, പി.ഗിരീഷ്കുമാർ പ്രീമ സന്തോഷ്, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, നഗരസഭ സെക്രട്ടറി പ്രകാശ്കുമാർ വി എന്നിവർ സംസാരിച്ചു. നിത്യ ജീവിതത്തിൽ നാം നേരിടുന്ന പ്രശ്നങ്ങളെല്ലാം സമൂഹത്തെ പ്രതിനിധീകരിക്കുന്നവർ ഇടപെട്ട് പറഞ്ഞു തീർക്കുന്ന ഗാന്ധിയൻ സംവിധാനത്തിന് ഇന്നത്തെ കാലത്തും പ്രസക്തി ഏറെയാണ്. പൗരന്മാർ പ്രതിദിനം അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങൾ കുടുംബാംഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, അയൽവാസികൾ തമ്മിലുള്ള വഴിത്തർക്കങ്ങൾ, ചെക്ക് കേസുകൾ ഉൾപ്പടെയുള്ള സാമ്പത്തിക തർക്കങ്ങൾ, ചെറിയ രീതിയിലുള്ള ക്രിമിനൽ കേസുകൾ (ചെക്ക് ഡിസോണർ കേസുകൾ ഉൾപ്പടെ) എന്നിവയ്ക്കെല്ലാം മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്താൻ സഹായകരമാകുന്ന ഒരു സംവിധാനമാണിത്. ഒരു പൈസയുടെ ചിലവ് പോലും പരാതിക്കാരനോ പഞ്ചായത്തിനോ വരുത്താത്ത ഒരു സ്ഥിരം സംവിധാനമാണ് ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സംവിധാനത്തിലൂടെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
ഓരോ മാസത്തിലും നഗര സഭയിലെ പരാതിപ്പെട്ടിയിൽ ലഭിക്കുന്ന പരാതികൾ ലീഗൽ സർവ്വീസ് അതോറിറ്റി അയക്കുന്ന നിഷ്പക്ഷ മധ്യസ്ഥരുടെ അദാലത്തിലൂടെ ഇരു കക്ഷികൾക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തും. സ്ഥിരാടിസ്ഥാനത്തിൽ നിശ്ചിത ദിവസം ലഭ്യമാക്കുന്ന തീരുമാനങ്ങൾക്ക് കോടതി ഡിക്രിയുടെ മൂല്യമുണ്ട്. യാതൊരു വിധ ഫീസോ സ്റ്റാമ്പോ ഇതിനായി ഈടാക്കില്ല. അപ്പീലോ, റിവിഷനോ സാധ്യമല്ലാത്ത അന്തിമ തീരുമാനമാണ് ഇതിലൂടെ ലഭിക്കുക. പ്രവർത്ത ചെലവുകളെല്ലാം ലീഗൽ സർവ്വീസ് അതോറിറ്റി വഹിക്കുന്നതാണ്.
ചിത്രം: പിറവം നഗരസഭയിൽ ജനകീയ ന്യായ സഭ പദ്ധതി പിറവം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് എ.ബി ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു.
