Back To Top

November 21, 2024

ശ്രേഷ്ഠ ബാവായുടെ 40-ാം ഓര്‍മ്മദിനത്തോടനുബന്ധിച്ച് പാത്രിയര്‍ക്കീസ് ബാവാ മലങ്കരയില്‍ എത്തും

By

പുത്തന്‍കുരിശ് : ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവായുടെ 40-ാം ഓര്‍മ്മദിനം ആചരിക്കുന്നതിനോടനുബന്ധിച്ച് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ 2024 ഡിസംബര്‍ മാസം 07 ന് കേരളത്തില്‍ എത്തിച്ചേരുമെന്ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാസെന്ററില്‍ കൂടിയസഭയുടെ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രഡിഡന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അറിയിച്ചു.
പാത്രിയര്‍ക്കീസ് ബാവാ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ 40-ാം ഓര്‍മ്മദിനമായ ഡിസംബര്‍ മാസം 09-ാം തീയതി പുത്തന്‍കുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുകയും, അനുസ്മരണ പ്രഭാഷണം നടത്തുകയും ചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന മഞ്ഞിനിക്കര ദയറായില്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി ചിലവഴിക്കും. പിതാവിന്റെ ഇപ്രാവശ്യത്തെ അപ്പോസ്തോലിക സന്ദര്‍ശനത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഒന്നും ഉണ്ടായിരിക്കുന്നതല്ല. സഭയുടെ മുന്നോട്ടുള്ള പ്രയാണത്തെ സംബന്ധിച്ച് സഭയുടെ വര്‍ക്കിംഗ് കമ്മറ്റിയുടേയും മാനേജിംഗ് കമ്മറ്റിയുടേയും ശുപാര്‍ശകള്‍ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ഐക്യകണ്ഠേന അംഗീകരിച്ചു.
തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനുള്ള മുനമ്പത്തെ ജനതയോടുള്ള ഐക്യദാര്‍ഡ്യം എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രഖ്യാപിച്ചു. നീതി പൂര്‍വ്വമായും, സംഘര്‍ഷ രഹിതമായും മുനമ്പം വിഷയം അടിയന്തിരമായി പരിഹരിക്കുവാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്നും സുന്നഹദോസ് ആവശ്യപ്പെട്ടു.
മലങ്കര മെത്രാപ്പോലീത്തായും എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ച സുന്നഹദോസില്‍ 21 മെത്രാപ്പോലീത്താമാര്‍ പങ്കെടുത്തു.

Prev Post

ക്രിസ്തീയ മൂല്യങ്ങളിൽ അധിഷ്ഠിതമായി ആതുരസേവനം മുന്നോട്ടു കൊണ്ടുപോകേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അനിവാര്യമാണെന്ന് പാലാ…

Next Post

കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ പ്ലാൻ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി ആരംഭിക്കണം: സിപിഐ എം

post-bars