Back To Top

November 16, 2024

കരിമ്ബനയിലെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി

By

കൂത്താട്ടുകുളം : കരിമ്ബനയിലെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. കൂത്താട്ടുകുളം കരിമ്ബനയില്‍ കശാപ്പ് തൊഴിലാളികള്‍ താമസിച്ച വീട്ടില്‍ തിരുവനന്തപുരം അബൂരി ആനന്ദ ഭവൻ വീട്ടില്‍ ബിനു എന്ന രാധാകൃഷ്ണനെ (47) നെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി തമിഴ്നാട് തെങ്കാശി സ്വദേശിയായ നാഗാർജുൻ കുറ്റക്കാരനെന്ന് മൂവാറ്റുപുഴ അഡീ.ജില്ല സെഷൻസ് കോടതി ജഡ്ജി ടോമി വർഗീസ് കണ്ടെത്തിയത്.

 

2023 മേയ് 30 നാണ് കേസിനാസ്പദമായ സംഭവം. മരണപ്പെട്ട രാധാകൃഷ്ണനും പ്രതി നാഗാർജുനനും കരിമ്ബന ഭാഗത്തുള്ള തൊഴിലുടമയുടെ വീട്ടിലായിരുന്നു താമസിച്ചു വന്നിരുന്നത്. പ്രതി കിടപ്പുമുറിയോടൊപ്പം ഉപയോഗിച്ചിരുന്ന ശുചിമുറി മരണപ്പെട്ട രാധാകൃഷ്ണൻ ഉപയോഗിക്കുന്നതിലുള്ള വിരോധമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്.

 

പ്രതിയും കൊല്ലപ്പെട്ട രാധാകൃഷ്ണനും മദ്യപിച്ച്‌ വഴക്കു കൂടുന്നതും പതിവായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിരോധവും കൊലപാതകത്തിന് കാരണമായി. മുറിയില്‍ ഉറങ്ങുകയായിരുന്ന രാധാകൃഷ്ണനെ പ്രതി ഇരുമ്ബ് പൈപ്പുകൊണ്ട് പല തവണ ആഞ്ഞടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. കൂത്താട്ടുകുളം പൊലീസ് ഇൻസ്പെക്ടർ ഇന്ദ്ര രാജ് അന്വേഷിച്ച കേസില്‍ ഇൻസ്പെക്ടർ പി.ജെ. നോബിളാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.ജ്യോതികുമാർ ഹാജരായി.

Prev Post

ശിശുക്കളുടെ സമഗ്രവളർച്ച രാജ്യത്തിന്റെ നേട്ടം- ഐഷ മാധവ്

Next Post

തെരുവുനായ നിയന്ത്രണത്തിനു തദ്ദേശഫണ്ട് ഉറപ്പാക്കണം ; ജെ ചിഞ്ചുറാണി

post-bars