റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് വീട്ടമ്മയ്ക്ക് പരിക്ക്.
കോലഞ്ചേരി:പി.ഡബ്ളിയു. ഡി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ
വീട്ടമ്മയ്ക്ക് പരിക്കേറ്റു.മീമ്പാറ – തിരുവാണിയൂർ റോഡിൽ കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് സംഭവം. കുറിഞ്ഞിയിൽ നിന്ന് മീമ്പാറയ്ക്കുള്ള വഴിയിൽ അച്ചൻപടി ബസ്സ് സ്റ്റോപ്പ് കഴിഞ്ഞ് നൂറ് മീറ്റർ മാറിയുള്ള വളവിലുള്ള കുഴിയിൽ വീണാണ് സ്കൂട്ടറിന് പുറകിൽ യാത്ര ചെയ്തു വന്ന പൂതൃക്ക സ്വദേശിയായ വീട്ടമ്മയായ സൂസന് പരിക്കേറ്റത്. സ്കൂട്ടർ റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് നിയന്ത്രണം വിട്ട് പുറകിലിരുന്നു യാത്ര ചെയ്യുകയായിരുന്ന സൂസൻ നിലത്ത് വീഴുകയായിരുന്നു. വലത് കാൽ മുട്ടിനും ഇടത് കൈയ്ക്കും പുറം തോളിനും കാൽവിരലിനും ആഴത്തിൽ മുറിവേറ്റ സൂസൻ ചികിൽസ നടത്തി വരികയാണ്. ആരോട് പരാതി പറയുമെന്നും ആർക്ക് പരാതി കൊടുത്താൽ നീതി കിട്ടുമെന്നും കുടുംബം ചോദിക്കുന്നു. മാസങ്ങൾക്ക് മുമ്പ് റോഡിനടിയിലൂടെ പോകുന്ന കുടിവെള്ള പൈപ്പ് പൊട്ടിയത് മൂലം റോഡിൽ വലിയ കുഴി രൂപപ്പെട്ടിരുന്നു.പൊട്ടിയ പൈപ്പ് വാട്ടർ അതോറിറ്റി നന്നാക്കുകയും ചെയ്തിരുന്നു.വേണ്ട രീതിയിൽ കുഴി അടയ്ക്കാതിരുന്നതാണ് നിലവിൽ റോഡിൽ വലിയ കുഴി രൂപപ്പെടാൻ കാരണമായത്. നൂറ് കണക്കിന് വാഹനങ്ങൾ ഇതിലൂടെ കടന്ന് പോകുന്നുണ്ട്. വളവിലുള്ള കുഴിയായതിനാൽ പലരും കുഴിക്ക് തൊട്ട് മുന്നിൽ എത്തുമ്പോഴാണ് അറിയുന്നത്. ടൂവീലർ യാത്രികർ കുഴിയിൽ വീണ് അപകടത്തിൽ പെടുമ്പോൾ പലരും കുഴി ഒഴിവാക്കി യാത്ര ചെയ്യാനായി പെട്ടെന്ന് വെട്ടിക്കുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നു. പി.ഡബ്ളിയു .ഡി- വാട്ടർ അതോറിറ്റി വകുപ്പുകളുടെ കെടുകാര്യസ്ഥത മൂലം സാധാരണക്കാരായ വാഹന യാത്രക്കാർ അപകടത്തിൽപ്പെട്ട് വലയുന്ന കാഴ്ച്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഫോട്ടോ: 1)കുറിഞ്ഞി – മീമ്പാറ റോഡിൽ അച്ചൻ പടിക്ക് സമീപം വളവിലുള്ള റോഡിലെ അപകടമായ കുഴി വെട്ടിച്ച് കടന്ന് പോകുന്ന വാഹനം.
ഫോട്ടോ: 2) കുഴിയിൽ വീണതിനെ തുടർന്ന് പൂതൃക്ക സ്വദേശി സൂസൻ തോമസിൻ്റെ കൈയ്ക്കും കാലുകൾക്കും പരിക്കേറ്റ നിലയിൽ.
(സജോ സക്കറിയ ആൻഡ്രൂസ് -കോലഞ്ചേരി)
Get Outlook for Android