കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.
കൂത്താട്ടുകുളം: കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.ബുധനാഴ്ചയുണ്ടായ കാറ്റിലും മഴയിലുമാണ് കൂത്താട്ടുകുളം കെഎസ്‌ഇബി ഓഫീസിനു കീഴിലുള്ള വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം തകരാറിലായത്. മെയിന്‍റനൻസ് വർക്കിന് ആവശ്യത്തിനുള്ള ആളുകള്‍ ഇല്ലാതെ വന്നതാനാലാണ് വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിയാഞ്ഞത്.
നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയാത്തതില്‍ മേഖലയില്‍ പ്രതിഷേധം ശക്തമാണ്. ബുധനാഴ്ച രാവിലെ മുതല്‍ കഐസ്‌ഇബി ഓഫീസിലേക്ക് ആളുകള്‍ പരാതിയുമായി എത്തിത്തുടങ്ങിയിരുന്നു. രാത്രി വൈകിയും പ്രതിഷേധക്കാർ ഓഫീസിനുള്ളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇന്നലെയും സമാന അവസ്ഥയിലായിരുന്നു. ഉപ്പുകണ്ടം, കുഴിക്കാട്ടുകുന്ന്, ഇടയാർ, കിഴകൊന്പ് വളപ്പ്, മംഗലത്തുതാഴം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമുള്ള ആളുകളാണ് പ്രതിഷേധവുമായി എത്തിയത്. വടക്കൻ പാലക്കുഴയില്‍ പാറക്കാനം പുളിയാലിത്താഴം ചേലോടം ഭാഗങ്ങള്‍ മൂന്നുദിവസമായി ഇരുട്ടിലാണ്.
15 ഓളം ലൈൻമാൻമാർ വേണ്ടിയെടുത്ത് എട്ടുപേർ മാത്രമേ ഉള്ളൂ എന്നാണ് അധികൃതർ അറിയിച്ചത്. ഇത്തരം സന്ദർഭങ്ങളില്‍ 24 മണികൂറിനകം പരാതികള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാർ അസിസ്റ്റന്‍റ് എൻജിനീയറോട് ആവശ്യപ്പെട്ടു.
