ദൗത്യസംഘത്തില്‍ 1,167 പേര്‍; വയനാട്ടിലെ ക്യാമ്ബുകളിലുള്ളത് 8,000 ആളുകള്‍, മുണ്ടക്കൈ, ചൂരല്‍മല ദേശങ്ങള്‍ പൂര്‍ണമായും ഇല്ലാതായി:
വയനാട് : ദൗത്യസംഘത്തില്‍ 1,167 പേര്‍; വയനാട്ടിലെ ക്യാമ്ബുകളിലുള്ളത് 8,000 ആളുകള്‍, മുണ്ടക്കൈ, ചൂരല്‍മല ദേശങ്ങള്‍ പൂര്‍ണമായും ഇല്ലാതായി: മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല തുടങ്ങിയ രണ്ട് പ്രദേശങ്ങളും പൂർണമായും ഇല്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും വേദനാജനകമായ കാഴ്ചകളാണ് വയനാട്ടില്‍ നിന്നും വരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇതുവരെ 144 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ 64 പേരും സ്ത്രീകളാണ്. 192 പേരെ കാണാനില്ല. ദുരന്ത മേഖലയിലെ പരമാവധി ആളുകളെ സുരക്ഷിതരാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. വനവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനോടകം 1,592 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവർക്ക് മതിയായ ചികിത്സ ഉറപ്പു വരുത്തുന്നുണ്ട്. 201 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. വയനാട്ടില്‍ 82 ക്യാമ്ബുകളിലായി 8,017 പേർ കഴിയുന്നുണ്ട്. ക്യാമ്ബുകളില്‍ കഴിയുന്നവരുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ കൗണ്‍സിലിംഗുകള്‍ നടത്തും. 1,167 പേർ ഉള്‍പ്പെടുന്ന സന്നാഹ സംഘമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. 645 അഗ്നിശമന സേനാംഗങ്ങളും 96 എൻഡിആർഎഫ് അംഗങ്ങളും 350 പൊലീസുകാരും രക്ഷാദൗത്യത്തിലുണ്ട്. ഭക്ഷണം, കുടിവെള്ളം എന്നിവ നേവി എത്തിക്കും. റോഡുകളിലെ തടസം ഒഴിവാക്കാൻ കർശന നിർദേശമാണ് നല്‍കിയിരിക്കുന്നത്.
പോസ്റ്റ്മോർട്ടം നടപടികള്‍ വേഗത്തിലാക്കാൻ കൂടുതല്‍ ഫൊറൻസിക് സംഘങ്ങളെ നിയോഗിച്ചു. ശരീരഭാഗങ്ങള്‍ തിരിച്ചറിയാൻ ജനിതക പരിശോധന നടത്തും. മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താൻ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിക്കും. ഇതിനായി ക്യാപ്റ്റൻ ഇന്ദ്രപാലിന്റെ സഹായം തേടിയിട്ടുണ്ട്. കൂടുതല്‍ സ്നിഫർ ഡോഗുകളെയും രക്ഷാദൗത്യത്തിനായി എത്തിക്കും.
ദുരന്തത്തില്‍ കെഎസ്‌ഇബിക്ക് മാത്രം 3 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. റേഷൻ കടകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കും. സപ്ലൈകോയില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. മൊബൈല്‍ ടവറുകള്‍, ജനറേറ്ററുകള്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ക്ക് നിർദ്ദേശം നല്‍കി. ദുരന്തമേഖലയില്‍ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പുവരുത്തും. ദുരന്ത സാഹചര്യത്തെ നേരിടാനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട മുണ്ടക്കൈയിലേക്ക് താത്കതാലിക പാലം നിർമിക്കുന്നതിന് ആവശ്യമായ സാമഗ്രികളുമായി രണ്ടാമത്തെ വ്യോമസേനാ വിമാനം കണ്ണൂർ എയർപോർട്ടില്‍ എത്തിയിട്ടുണ്ട്.
