ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് പരിക്ക്.
കോലഞ്ചേരി: യുവാവിൻ്റെ കാലിലൂടെ ടോറസ് ലോറി കയറിയിറങ്ങി. അഭിനവ് (20) ഉത്താലിൽ വീട് പിറവം. അക്ഷയ് ( 19 ) കണ്ടിക്കുളത്ത് വീട് ഏഴക്കരനാട് എന്നീ യുവാക്കൾക്കാണ് പരിക്കേറ്റത്.കടമറ്റം നമ്പ്യാരു പടിയിൽ ഇന്നലെ രാവിലെ 10.15ഓടെയാണ് സംഭവം. ബൈക്ക് യാത്രികരായ യുവാക്കൾ ഓടിച്ച ബൈക്കിനെ ടോറസ് ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. രണ്ട് പേരും ശസ്ത്രക്രിയക്ക് വിധേയരായി ഓർത്തോ ഐ.സി.യു.വിൽ കഴിയുകയാണ്. ദേശീയ പാതയിൽ മാസങ്ങളായി വികസന ജോലികൾ നടന്ന് വരികയാണ്. റോഡിനിരുവശവും അശാസ്ത്രീയമായ രീതിയിൽ ഒരു സുരക്ഷ മാനദണ്ഡവും പാലിക്കാതെ പണി നടക്കുന്നതിനാലും അപകടം പതിവാണ്. നിലവിൽ വീതി കുറഞ്ഞ ദേശീയ പാതയിൽ ചീറിപ്പാഞ്ഞാണ് ടോറസ്സുകൾ പായുന്നത്. ഇവരെ നിയന്ത്രിക്കാനും നിലയ്ക്ക് നിറുത്തുവാനും ഉത്തരവാദിത്വപ്പെട്ടവർ ഒരു ശ്രമവും നടത്തുന്നതുമില്ല.